
കോഴിക്കോട്: ആറ് മാസങ്ങള്‍ക്ക് മുന്‍പ് യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയും സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്ത കേസില്‍ പ്രതിയെ കണ്ടെത്തി പൊലീസ്. കോഴിക്കോട് ഫറോക്ക് പെരുമുഖം സ്വദേശി ഈന്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷബാദി(23)നെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. അപകടം വരുത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചുവന്ന സ്വിഫ്റ്റ് കാർ എന്ന അടയാളം മാത്രമാണ് പൊലീസിന് ലഭിച്ച ഏക തുമ്പ്. ഒടുവിൽ ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രതിയെയും കാറും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മാര്‍ച്ച് 23നായിരുന്ന കേസിനാസ്പദമായ അപകടം നടന്നത്. രാത്രി 9.40ഓടെ രാമനാട്ടുകര പൂവന്നൂര്‍ പള്ളി ബസ് സ്റ്റോപ്പിന് സമീപത്തുവച്ചാണ് അപകടം നടന്നത്. ഷബാദ് സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ കാല്‍നട യാത്രക്കാരനായ ഫറോക്ക് മാടന്നയില്‍ വീട്ടില്‍ രജീഷ് കുമാറിനെയും (44), ബൈക്ക് യാത്രക്കാരനായ തിരൂരങ്ങാടി മൂന്നിയൂര്‍ വലിയ പറമ്പില്‍ വീട്ടില്‍ വിപി അഷ്‌റഫി(58) നെയും ഇടിക്കുകയായിരുന്നു. പിന്നാലെ അപകട സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. ഇരുവര്‍ക്കും തോളെല്ലിനും തലക്കും ഉള്‍പ്പെടെ സാരമായി പരിക്കേറ്റിരുന്നു.
സംഭവത്തിന് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും സംഭവ സ്ഥലത്ത് നിന്ന് കാര്‍ അതിവേഗം ഓടിച്ചുപോയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിച്ചില്ല. ചുവന്ന നിറത്തിലുള്ള കാറാണെന്നും കെഎല്‍ 65 എന്ന് തുടങ്ങുന്ന രജിസ്‌ട്രേഷന്‍ നമ്പറാണ് എന്നും മാത്രമായിരുന്നു അപകടം കണ്ടവര്‍ പറഞ്ഞത്. പിന്നീട് അപകടം നടന്നതിന് ഏതാനും മീറ്ററുകള്‍ അപ്പുറത്തുള്ള സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോള്‍ പുതിയ മോഡല്‍ സ്വിഫ്റ്റ് കാറാണെന്ന് സ്ഥിരീകരിച്ചു.
ജില്ലയിലെ കാര്‍ വര്‍ക്‌ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വിവരം കൈമാറിയെങ്കിലും കാര്യമായ മറുപടിയൊന്നും ലഭിച്ചില്ല. കെഎല്‍ 65 രജിസ്‌ട്രേഷനിലുള്ള പുതിയ മോഡല്‍ചുവന്ന മാരുതി സ്വിഫ്്റ്റ് കാറുകള്‍ കണ്ടെത്തലായിരുന്നു പൊലീസിന്റെ അടുത്ത കടമ്പ. ആര്‍ടിഒ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പ്രസ്തുത മോഡലിലുള്ള 55 കാര്‍ ഉടമകളുടെ വിവരം ശേഖരിച്ച് അന്വേഷണം നടത്തി. അങ്ങിനെയാണ് ഷബാദിന്റെ ബന്ധുവിന്റെ വിവരം ലഭിച്ചത്.
പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ തന്റെ കാര്‍ ഷബാദ് ഉപയോഗിക്കാറുണ്ടൈന്ന് ഇയാള്‍ മൊഴി നല്‍കി. തുടര്‍ന്ന് ഷബാദിനെയും വിളിപ്പിക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. ഷബാദിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫറോക്ക് അസിസ്റ്റന്‍റ് കമീഷണര്‍ എഎം സിദ്ദീഖിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത്, എസ്‌ഐ ആര്‍എസ് വിനയന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സനൂപ് എന്നിവരുള്‍പ്പെട്ട സംഘമാണ് ആറ് മാസം നീണ്ട അന്വേഷണം പരിസമാപ്തിയിലെത്തിച്ചത്.
Read More : ഷിരൂർ തെരച്ചലിൽ നിർണായക കണ്ടെത്തൽ; അർജുന്‍റെ ലോറിയുടെ ഭാഗം കണ്ടെത്തുന്നത് ഇതാദ്യം, ആർസി ഉടമ സ്ഥിരീകരിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam