പൊലീസുകാർക്ക് 'ഉല്ലാസ അവധി' പ്രഖ്യാപിച്ച് യതീഷ് ചന്ദ്ര

By Web TeamFirst Published Nov 5, 2019, 5:40 PM IST
Highlights
  • പൊലീസ് അസോസിയേഷൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് സിറ്റി പൊലീസ് കമ്മിഷണറായ യതീഷ് ചന്ദ്രയുടെ തീരുമാനം
  • പൊലീസ് സ്റ്റേഷനുകളിലെയും വിവിധ യൂണിറ്റുകളിലെയും  പൊലീസുകാർക്ക് ഇനി ഒരു ദിവസം ഒരുമിച്ച് ഒത്തുചേരാനാവും

തൃശ്ശൂർ: മാനസിക പിരിമുറുക്കവും ഡ്യൂട്ടി ഭാരവും ഒഴിവാക്കാൻ ജില്ലയിലെ പൊലീസുകാർക്ക് വർഷത്തിലൊരിക്കൽ ഉല്ലാസ ദിനം. സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ഐപിഎസിന്റേതാണ് തീരുമാനം. പൊലീസ് അസോസിയേഷൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് യതീഷ് ചന്ദ്ര ഐപിഎസ് ഈ തീരുമാനം എടുത്തിരിക്കുന്നത്. സർക്കിൾ ഇൻസ്പെക്ടർമാരുടെ നിർദ്ദേശത്തോടെ ഇനി കുടുംബസംഗമമായോ, വിനോദയാത്രയായോ സേനാംഗങ്ങൾക്ക് ഒരുമിച്ച് പോകാനാകും. 

പൊലീസ് സ്റ്റേഷനുകളിലെയും വിവിധ യൂണിറ്റുകളിലെയും  പൊലീസുകാർക്ക് ഇനി ഒരു ദിവസം ഒരുമിച്ച് ഒത്തുചേരാനാവും. സ്റ്റേഷനിലെ ദൈനംദിന ജോലികൾ തടസ്സപ്പെടാത്ത വിധത്തിൽ മുൻകൂട്ടി അനുവാദത്തോടെയാകും ഉല്ലാസ അവധി അനുവദിക്കുക. ഇതിനായി സിറ്റി പൊലീസ് ലിമിറ്റിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരെ താത്കാലികമായി ഈ സ്റ്റേഷനിൽ നിയോഗിക്കും. 

കാഷ്വൽ ലീവായാണ് ഉല്ലാസ ദിന അവധി പരിഗണിക്കുക. പൊലീസുകാർക്കിടയിൽ പരസ്‌പര സഹകരണം വർധിപ്പിക്കുക, മാനസിക സമ്മർദ്ദം അതിജീവിക്കുക, കുടുംബാംഗങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉല്ലാസ ദിനം സംഘടിപ്പിക്കുന്നത്.

click me!