അലഞ്ഞ് തിരിയുന്ന കുരങ്ങുകളെ പുനരധിവസിപ്പിക്കാന്‍ പാർക്ക് വരുന്നു; പദ്ധതിയുമായി കല്‍പ്പറ്റ നഗരസഭ

By Web TeamFirst Published Feb 24, 2020, 3:39 PM IST
Highlights

കഴിഞ്ഞ ജനുവരിയിൽ ജനകീയ പങ്കാളിത്തതോടെ നടന്ന കണക്കെടുപ്പിൽ നഗരസഭാപ്രദേശത്ത് മാത്രം 1050 കുരങ്ങുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയെ പിടികൂടി വന്ധ്യംകരിച്ച് പ്രത്യേക സ്ഥലത്ത് താമസിപ്പിക്കുകയാണ് ലക്ഷ്യം. 

കൽപ്പറ്റ: ജനവാസ മേഖലകളിലേത്തുന്ന കുരങ്ങുകളെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനായി വയനാട്ടില്‍ കുരങ്ങ് പാർക്കുകൾ സ്ഥാപിക്കാൻ കല്‍പ്പറ്റ നഗരസഭയുടെ പദ്ധതി. പദ്ധതിയുടെ  അന്തിമരൂപമാക്കുന്നതിനായുള്ള യോഗം മാർച്ച് ഒന്നിന് വെറ്ററിനറി സർവകലാശാലയിൽ നടക്കും. കുരങ്ങുശല്യം അവസാനിപ്പിക്കുന്നതിനായി ഹിമാചൽ പ്രദേശ് മാതൃകയിൽ ജില്ലയിൽ കുരങ്ങ് പാർക്ക് സ്ഥാപിക്കാനാണ് നീക്കം. ആദ്യപടിയായി കല്പറ്റ നഗരസഭയിലെ കുരങ്ങുകളുടെ കണക്കെടുത്തിരുന്നു. കഴിഞ്ഞ ജനുവരിയിൽ ജനകീയ പങ്കാളിത്തതോടെ നടന്ന കണക്കെടുപ്പിൽ നഗരസഭാപ്രദേശത്ത് മാത്രം 1050 കുരങ്ങുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയെ പിടികൂടി വന്ധ്യംകരിച്ച് പ്രത്യേക സ്ഥലത്ത് താമസിപ്പിക്കുകയാണ് ലക്ഷ്യം. ‌‌

വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ നടക്കുന്ന യോഗത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും വിദഗ്ധർ പങ്കെടുക്കും. പദ്ധതിക്ക് അന്തിമരൂപരേഖ നൽകി സർക്കാരിലേക്ക് സമർപ്പിക്കും. പദ്ധതിയ്ക്കായി 25 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പദ്ധതിക്ക് വേണ്ടി സ്ഥലംകണ്ടെത്താൻ വനംവകുപ്പിനോട്  സി.കെ. ശശീന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്. വനംവകുപ്പ് സ്ഥലം കണ്ടെത്തി നൽകുന്ന മുറക്ക് കുരങ്ങുകളെ പിടികൂടി വന്ധ്യംകരിച്ച കുരങ്ങുകളെ അവിടേക്ക് മാറ്റിപ്പാർപ്പിക്കാനാണ് ഉദ്ദേശ്യം.

അതേസമയം കുരങ്ങുകളുടെ കണക്കെടുത്തിട്ട് ഒരുവർഷം പിന്നിട്ടെങ്കിലും പദ്ധതിയുടെ പൂർത്തികരണം നീളുകയാണ്. ഒരാഴ്ചയോളം ജനങ്ങളും വെറ്ററിനറി വിദഗ്ധരും പ്രാദേശികമായി നിരീക്ഷിച്ചാണ് കുരങ്ങുകളുടെ കണക്കെടുത്തത്. ഒരു വർഷത്തിന് ശേഷം കുരങ്ങുകളുടെ എണ്ണത്തിൽ വ്യത്യാസം വന്നേക്കാം. ഇനിയും കണക്കെടുക്കുന്നത് ബുദ്ധിമുട്ടേറിയതുമാണ്. മാത്രമല്ല കുരങ്ങുപ്പനി ഉൾപ്പടെയുള്ള രോഗങ്ങൾ ആവർത്തിച്ച് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ഇത് പ്രായോഗികമല്ലെന്നാണ് വനംവകുപ്പിന്റെയും നിലപാട്. നിലവിലെ കുരങ്ങുകളുടെ എണ്ണത്തിന് ആനുപാതികമായ വർധനവ് കണക്കുകൂട്ടണമെന്നാണ് വനംവകുപ്പ് അധികൃതരുടെ നിർദേശം. പദ്ധതി നീണ്ടു പോയാൽ കുരങ്ങുകൾ ഇനിയും പെരുകും. അതേ സമയം പാർക്കുകൾക്കെതിരെയും എതിർപ്പുയരാൻ സാധ്യതയുണ്ട്. 

click me!