വയോധികയുടെ ദേഹത്ത് ചീഞ്ഞ ഭക്ഷ്യവസ്തുക്കൾ ഒഴിച്ചു, തോക്കുചൂണ്ടി സ്ത്രീകളെ ഭീഷണിപ്പെടുത്തി; ബന്ധു പിടിയിൽ

Published : Jun 19, 2025, 08:05 AM IST
man arrested for threatening women

Synopsis

യുവതിയെ തടഞ്ഞുനിർത്തി ധരിച്ച വസ്ത്രം ശരിയല്ലെന്ന് ആക്ഷേപിച്ച് ബോഡി ഷെയിമിംഗ് നടത്തി അപമാനിച്ചെന്നും പരാതിയിൽ പറയുന്നു.

പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ബന്ധുവായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട നന്നുവക്കാട് സ്വദേശി വിഘ്നേഷ് (34) ആണ് പിടിയിലായത്. നന്നുവക്കാട് സ്വദേശി സുചിത്രയാണ് പരാതി നൽകിയത്.

കഴിഞ്ഞ ദിവസം രാത്രി സ്റ്റേഷനിലെത്തിയാണ് യുവതി പരാതി നൽകിയത്. തന്റെ കുഞ്ഞമ്മയുടെ മകനായ വിഘ്നേഷ് ഉച്ചയ്ക്ക് വീട്ടിലെത്തി അമ്മൂമ്മയുടെ ദേഹത്ത് ചീഞ്ഞ ഭക്ഷണ സാധനങ്ങൾ ഇടുകയും അസഭ്യം വിളിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി അറിയിച്ചു. യുവതിയെ തടഞ്ഞുനിർത്തി ധരിച്ച വസ്ത്രം ശരിയല്ലെന്ന് ആക്ഷേപിച്ച് ബോഡി ഷെയിമിംഗ് നടത്തി അപമാനിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.

തുടർന്ന് പൊലീസ് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. ആയുധ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. എസ്ഐ കെ ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വീട്ടിൽ ആക്രമണം നടത്തുന്ന വിവരം അറിഞ്ഞയുടനെ പൊലീസ് അവിടെയെത്തി വിഘ്നേഷിനെ കസ്റ്റഡിയിൽ എടുത്തു.

വിഘ്നേഷ് ഇതിനു മുമ്പും സുചിത്രയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും വീട്ടിലെ സാധനങ്ങൾ അടിച്ചു പൊട്ടിക്കുകയും ചെയ്തിരുന്നു, ഈ മാസം 14 നാണ് സംഭവം. സിസിടിവിയും കാറിന്റെ ഗ്ലാസുകളും ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ചു തകർക്കുകയായിരുന്നു. ഇതിന്റെ പേരിൽ യുവതിയുടെ അമ്മ പത്തനംതിട്ട പൊലീസിൽ പരാതി നൽകിയതിന്റെ വിരോധത്താലാണ് ഇന്നലെ തോക്കുമായി വീട്ടിൽ യുവാവ് അതിക്രമം കാട്ടിയത്.

പ്രതിയെ അറസ്റ്റ് ചെയ്ത് വീട് പരിശോധിച്ചതിൽ നിന്നും പിസ്റ്റളും റൈഫിളും കണ്ടെടുത്തു. രണ്ടു തോക്കുകൾക്കും ലൈസൻസ് ഇല്ല. ഹൈദരാബാദിൽ ആപ്പിൾ ഫോൺ കമ്പനിയിലായിരുന്നു വിഘ്നേഷിന് ജോലി. കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു. ഇപ്പോൾ ഒരു മാസമായി നാട്ടിലാണ്. രണ്ടു തോക്കുകളും ഹൈദരാബാദിൽ നിന്നും കൊണ്ടുവന്നതാണെന്ന് വിഘ്നേഷ് ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. ഭാര്യ പിണങ്ങി മാറി കഴിയുകയാണ്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്ത തോക്ക്, എ ആർ ക്യാമ്പ് ആർമർ വിഭാഗം പരിശോധിച്ചു. തോക്കിന്റെ ഉറവിടം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട്. തോക്ക് ഫോറൻസിക് ലബോറട്ടോറിയിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പ്രതി ഇത് മുമ്പ് ഏതെങ്കിലും കുറ്റകൃത്യം നടത്താൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം