
മലപ്പുറം: റംസാന് മുമ്പ് പള്ളികളില്‍ പെയിന്‍റടിക്കലും വൃത്തിയാക്കലും പതിവ് കാഴ്ച്ചയാണ്. എന്നാല്‍ മലപ്പുറം (Malappuram) വറ്റല്ലൂരിലെ മസ്ജിദുല്‍ ഉമറുല്‍ ഫാറൂഖ് പള്ളിയിലെ പെയിന്‍റടിയില്‍ (Painting) അൽപ്പം വ്യത്യാസമുണ്ട്. അത് മത സൗഹാര്‍ദ്ദത്തിന്‍റെ (Religious Harmony) കഥകൂടിയാണ്. മലപ്പുറത്ത് നിന്ന് മതസൗഹാര്‍ദ്ദത്തിന്‍റെ നിരവധി കഥകള്‍ നേരത്തെ വന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് റംസാൻ കാലത്ത് പുതിയൊരു കഥ സൂര്യനാരായണൻ എഴുതിച്ചേർക്കുന്നു.
പള്ളിയുടെ അയല്‍വാസിയായ സൂര്യനാരായണൻ 45000 രൂപ ചിലവിട്ടാണ് പള്ളി പെയിന്‍റടിച്ച് മോടി കൂട്ടിയത്. റംസാൻ അടുത്തെത്തിയിട്ടും കുറുവ വില്ലേജ് ഓഫീസിന് സമീപത്തെ ഉമറുൽ ഫാറൂഖ് മസ്ജിദ് പെയിന്റടിക്കുകയോ പുതുക്കയോ ചെയ്തിട്ടുണ്ടായിരുന്നില്ല.
മുസ്ലിം വീടുകളും ആരാധനാലയങ്ങളും വൃത്തിയാക്കി റംസാനെ വരവേൽക്കാൻ തയ്യാറാകുമ്പോൾ ഈ നിസ്‌കാരപ്പള്ളി പെയിന്റ് ചെയ്യാത്ത കാര്യം ശ്രദ്ധയിൽപ്പെട്ട ഖത്തറിൽ ജോലി ചെയ്യുന്ന സൂര്യനാരായണൻ തന്റെ കർത്തവ്യമായികണ്ട് സ്വയം മുന്നോട്ടു വന്ന് ജോലി ഏറ്റെടുക്കുകയായിരുന്നു.
പള്ളിക്കമ്മിറ്റിയുടെ അനുമതി കിട്ടിയതോടെ സൂര്യനാരായണൻ തന്നെ ജോലിക്കാരെ ഏർപ്പാടാക്കി. തിരികെ പ്രവാസലോകത്തേക്ക് മടങ്ങിയ സൂര്യനാരായണൻ സഹോദരൻ അജയകുമാർ വഴിയാണ് ജോലികൾ പൂർത്തിയാക്കിയത്. ഒരാഴ്ചയോളമായിരുന്നു ജോലിയുണ്ടായിരുന്നത്. നോമ്പ് തുടങ്ങുന്നത് രണ്ട് ദിവസം മുമ്പ് തന്നെ പെയിന്റിംഗ് പൂർത്തിയാക്കുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് സൂര്യനാരായണന്റെയും പള്ളിയുടെയും ആ നാടിന്റെയും മതസൌഹാർദ്ദം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam