
ആലപ്പുഴ: ജില്ലയുടെ തീരദേശത്തെ വീണ്ടും നിരാശയിലാഴ്ത്തി മീന്‍പിടിത്തകേന്ദ്രമായി അനുവദിച്ചിരുന്ന മൂന്നുകേന്ദ്രങ്ങളും കൊവിഡ് വ്യാപനഭീതിയെത്തുടര്‍ന്ന് അടച്ചു. വലിയഴീക്കലില്‍നിന്ന് മാത്രമാണ് വള്ളങ്ങള്‍ക്ക് കടലില്‍പോകുന്നതിനും വിപണനം നടത്തുന്നതിനും ഇപ്പോള്‍ അനുമതിയുള്ളത്. വലിയഴീക്കല്‍ കൂടാതെ അമ്പലപ്പുഴയിലെ പായല്‍കുളങ്ങര, അഞ്ചാലുംകാവ്, വളഞ്ഞവഴി, കാക്കാഴം പി. ബി. ജംഗ്ഷന്‍ എന്നീ മൂന്നിടങ്ങളില്‍നിന്നാണ് മീന്‍പിടിത്തതിന് അനുമതി നല്‍കിയിരുന്നത്.
കഴിഞ്ഞദിവസം ലഭിച്ച ചെമ്മീന്‍ വിപണനത്തിനായി കാത്തിരുന്നിട്ടും ഇടമില്ലാതെ വന്നതോടെ കടലില്‍ കളയുകയായിരുന്നു. തോട്ടപ്പള്ളി തുറമുഖത്ത് വിപണനത്തിന് അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് വ്യാഴാഴ്ച രാത്രി ബോട്ടുകാര്‍ മീനുമായി വന്നപ്പോഴാണ് തുറമുഖം അടച്ചത്. അടുത്തദിവസം കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ തുറമുഖത്ത് വിപണനം അനുവദിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു.
കായംകുളം തുറമുഖത്തുനിന്ന് പോകുന്ന ജില്ലയിലെ ബോട്ടുകാര്‍ മീന്‍ വാഹനങ്ങളില്‍ തോട്ടപ്പള്ളിയിലെത്തിച്ചാണ് വിപണനം നടത്തിയിരുന്നത്.
തുറമുഖം അടച്ചതോടെ പുറക്കാട്ടെ ഒരുകേന്ദ്രത്തിലെത്തിച്ച് വിപണനം നടത്താനുള്ള നീക്കം നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് തടഞ്ഞു. ഇതോടെ പത്തിലേറെ ബോട്ടുകള്‍ കടലില്‍ പോകാതെ തൃക്കുന്നപ്പുഴയിലും ആയിരംതെങ്ങിലുമായി കെട്ടിയിട്ടിരിക്കുകയാണ്.
മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കാറ്റാടിക്കടപ്പുറത്ത് മീന്‍പിടിത്തവും വിപണനവും അനുവദിക്കാന്‍ നടപടി തുടങ്ങി. മത്സ്യബന്ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. ബുധനാഴ്ച മുതല്‍ ഇവിടെനിന്ന് മീന്‍പിടിത്തം അനുവദിക്കാനാണ് ബന്ധപ്പെട്ടവര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
തോട്ടപ്പള്ളി തുറമുഖത്തിനും കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധമില്ലാത്തതിനാല്‍ ഇവിടെയും വിപണനം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. സാമൂഹിക അകലം പാലിക്കാന്‍ ഏറ്റവും അനുയോജ്യം ചുറ്റുമതിലുള്ള തോട്ടപ്പള്ളി തുറമുഖമാണ്. കൊല്ലം ജില്ലയിലെ വിവിധ തുറമുഖങ്ങളില്‍നിന്ന് തമിഴ്‌നാട്ടിലെ മുട്ടം, കുളച്ചല്‍ പ്രദേശങ്ങളില്‍നിന്നുമുള്ള മീന്‍ എത്തുന്നുണ്ട്. കരിനന്ദന്‍, വേളൂരി, ചൂടന്‍, കോര, അയല തുടങ്ങിയവയാണ് വലിയഴീക്കലില്‍നിന്നുമെത്തുന്നത്. പീലീങ് ഷെഡുകളും കയറ്റുമതിസ്ഥാപനങ്ങളും പ്രവര്‍ത്തിക്കാത്തതിനാല്‍ ചെമ്മീന്‍ മുഴുവനായും പ്രാദേശികവിപണിയിലേക്കാണ് എത്തുന്നത്. പൊങ്ങുവള്ളക്കാര്‍ക്ക് ചെമ്മീനും ഞണ്ടും ലഭിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam