
ആലപ്പുഴ: ചെങ്ങന്നൂര്‍ നഗരസഭയുടെ അധീനതയിലുള്ള ശാസ്താംപുറം മാർക്കറ്റ് നവീകരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് മൂലം മാർക്കറ്റ് നാശത്തിൻ്റെ വക്കില്‍ എത്തിയതോടെയാണ് 5 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്നത്. ചെങ്ങന്നൂരിലെ നാട്ടുകാരുടെ ഏറെ നാളത്തെ പരാതിക്കാണ് പരിഹാരം ആകുന്നത്. ശാസ്താംപുറം മാർക്കറ്റ് നവീകരികണത്തിന്‍റെ രൂപരേഖ തയ്യാറാക്കുന്നത് തീരദേശ വികസന കോർപ്പറേഷനാണ്.
അന്തിമ രൂപരേഖ ഈ ആഴ്ച തയ്യാറാകും. വൈകാതെ പുനര്‍ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന് ചെയർപേഴ്സൻ സൂസമ്മ എബ്രഹാം പറഞ്ഞു. നിർമ്മാണം തുടങ്ങുന്നതിന് മുൻപ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ പദ്ധതി തയ്യാറാക്കുമെന്നും ചെയർപേഴ്സൻ അറിയിച്ചു. മാർക്കറ്റിനുള്ളിലെ കെട്ടിടങ്ങളും ഷെഡുകളും പൊളിച്ചു നീക്കി പുതിയവ നിർമ്മിക്കും. ആധുനിക മത്സ്യ മാർക്കറ്റ്, മാലിന്യ സംസ്കരണത്തിനുള്ള സൗകര്യങ്ങൾ തുടങ്ങിയവും പദ്ധതിയിലുണ്ട്.