ബൈക്ക് മറിഞ്ഞത് പുലര്‍ച്ചെ 2.45ന്, പൊലീസ് എത്തിയത് 2.53ന്, ആംബുലൻസ് 2.58ന്, പൊലീസ് ലാത്തിയെറിഞ്ഞ് വീഴ്ത്തിയെന്ന പരാതി വ്യാജമെന്ന് റിപ്പോര്‍ട്ട്

Published : Aug 14, 2025, 12:45 AM IST
CCTV POLICE

Synopsis

ഈഞ്ചക്കലിൽ പോലീസ് ലാത്തി എറിഞ്ഞ് ബൈക്ക് യാത്രക്കാരെ വീഴ്ത്തിയെന്ന പരാതി അടിസ്ഥാനരഹിതമെന്ന് അന്വേഷണ റിപ്പോർട്ട്. 

തിരുവനന്തപുരം: ഈഞ്ചക്കലിൽ പൊലീസ് ലാത്തി എറിഞ്ഞ് ബൈക്ക് യാത്രക്കാരെ വീഴ്ത്തിയെന്ന പരാതിയെ അടിസ്ഥാന രഹിതമെന്ന് അന്വേഷണ റിപ്പോർട്ട്. പരാതി തെറ്റാണെന്നാണ് സിസിടിവിയും സാക്ഷിമൊഴികളും പരിശോധിച്ച് രഹഹ്യാന്വേഷണ വിഭാഗം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വാഹനപരിശോധനക്കിടെ നിർത്താതെ പോയപ്പോൾ ലാത്തിയെറിഞ്ഞ് വീഴ്ത്തിയെന്ന പരാതിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാക്കൾ ഉറച്ച് നിൽക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാങ്ങോട് സ്വദേശികളായ വിശാഖ്, ദിവിൻ എന്നിവരാണ് ഫോർട്ട് പൊലിസിനെതിരെ പരാതി ഉന്നയിച്ചത്. മദ്യപിച്ച് വാഹനമോടിച്ചപ്പോള്‍ പൊലിസ് തടഞ്ഞെന്നും, നിർത്താതെ പോയപ്പോള്‍ പിന്തുടർന്ന് ലാത്തിയെറിഞ്ഞ് വീഴ്ത്തി മർദ്ദിച്ചെന്നുമായിരുന്നു പരാതി.

പരിക്കേറ്റ ശേഷം ആബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് വിട്ടെന്നും ഇവർ പറഞ്ഞിരുന്നു. ഇതേ കുറിച്ച് സിറ്റി പൊലീസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമെന്ന് കണ്ടെത്തൽ. ഈ മാസം ആറിന് പുലർച്ചെ ഈഞ്ചക്കലിൽ നിർമ്മാണം നടക്കുന്ന റോഡിൻന്റെ ബാരിക്കേഡിൽ ഇടിച്ചാണ് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റതെന്നാണ് അന്വേഷണ റിപ്പോർട്ട്.

മദ്യപിച്ചിരുന്ന യുവാക്കള്‍ രണ്ടു മണിക്ക് ശേഷം ഈഞ്ചക്കലിലുള്ള ഹോട്ടലിൽ വന്ന് ആഹാരം ആവശ്യപ്പെട്ടു. ആഹാരം തീർന്നുപോയ കാര്യം പറഞ്ഞപ്പോള്‍ ഇവർ പല പ്രാവശ്യം അവിടെ കറങ്ങിയെന്ന് ഹോട്ടലുടമ പറയുന്നു. ബൈക്കിൽ കറങ്ങിയവർ നിലത്ത് വീണ കാര്യം വഴിയാത്രക്കാരാണ് ഈഞ്ചക്കലിൽ നിന്നവരെ അറിയിച്ചത്.

സ്ഥലത്തെ സിസിടിവി പൊലീസ് പരിശോധിച്ചു. ബൈക്ക് ഇടിച്ചുവീഴുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമല്ല. പക്ഷെ പാലത്തിനടുത്ത പുലര്‍ച്ചെ, 2.45ന് ബൈക്ക് ഇടിക്കുന്നത് കണ്ട് വഴിയാത്രക്കാര്‍ ഓടുന്നുണ്ട്. നാട്ടുകാര്‍ വിളിച്ചത് അനുസരിച്ച്, 2.53ന് പൊലീസ് വാഹനം എത്തുന്നു. 2.58നാണ് ആംബുലൻസ് എത്തുന്നതും രണ്ടുപേരേയും കൊണ്ടുപോകുന്നതും. 

വാഹനാപകടമെന്നാണ് ആശുപത്രി രേഖയിലും ഉള്ളത്. ഈഞ്ചക്കലിലും പഴവങ്ങാടിയിലും ഉണ്ടായിരുന്ന രണ്ട് പട്രോളിങ് വാഹനങ്ങളും ആരുടെ പിന്നാലെയും പോയിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാങ്ങോട് പഞ്ചായത്ത് അംഗത്തെ അറിയിച്ചിരുന്നതായും പൊലീസ് പറയുന്നു. അതേസമയം അന്വേഷണ റിപ്പോര്‍ട്ട് പൊലീസിനെ രക്ഷിക്കാനുള്ള തിരക്കഥയാണെന്നാണ് പരാതി നൽകിയ യുവാക്കളും ബന്ധുക്കളും പറയുന്നത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു