
കോഴിക്കോട്: 2017 ല്‍ പുഴയില്‍ മുങ്ങിയ മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ച് നാടിന്‍റെ അഭിമാനമായി മാറിയ വിസ്മയക്ക് സര്‍ക്കാര്‍ അനുവദിച്ച പാരിതോഷികം കൈമാറി. കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു വിസ്മയക്ക് തുക കൈമാറി. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 1,50,000 രൂപയും സംസ്ഥാന സര്‍ക്കാരിന്‍റെ 35,000 രൂപയുമാണ് നല്‍കിയത്. ഈ വര്‍ഷത്തെ സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ മെഡലും, സര്‍ട്ടിഫിക്കറ്റും നല്‍കും.
ജീവന്‍രക്ഷാ പ്രവര്‍ത്തനത്തില്‍ പ്രശംസാര്‍ഹമായ സേവനം കാഴ്ചവെക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമായ ഉത്തം ജീവന്‍ രക്ഷാ പതക്കിനാണ് വിസ്മയ അര്‍ഹയായത്. ജീവഹാനി ഉണ്ടായേക്കാവുന്ന അവസ്ഥയിലും മനുഷ്യത്വപരമായ പ്രവര്‍ത്തനമാണ് വിസ്മയ നടത്തിയത്. കണ്‍മുന്നില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ആളുകള്‍ പകച്ചുപോവാറാണ് പതിവ്. പക്ഷേ വെള്ളത്തിനടിയിലേക്ക് മൂന്ന് ജീവനുകള്‍ താഴ്ന്ന് പോവുന്നത് കണ്ടപ്പോള്‍ നോക്കി നില്‍ക്കാന്‍ കഴിഞ്ഞില്ല. ആ സമയത്ത് എതോ ഒരു ധൈര്യം വെള്ളത്തിലേക്ക് എടുത്ത് ചാടാന്‍ പ്രേരിപ്പിച്ചു, - വിസ്മയ അന്നത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തു.
അയല്‍വാസികളായ രാധ, രജുല, ആദിദേവ് എന്നിവരെ 2017 ഏപ്രില്‍ എട്ടിനാണ് വിസ്മയ സാഹസികമായി രക്ഷപ്പെടുത്തിയത്. നടുവണ്ണൂര്‍ കോട്ടൂര്‍ പഞ്ചായത്തിലെ വാകയാടുള്ള രാമന്‍പുഴയുടെ പടത്ത് കടവ് ഭാഗത്ത് കൂട്ടുകാരോടൊപ്പം ഇരിക്കുകയായിരുന്ന വിസ്മയ ഇവര്‍ മുങ്ങിത്താഴുന്നത് കണ്ട് ആത്മധൈര്യം കൈവിടാതെ നീന്തി പോയി രക്ഷപ്പെടുത്തുകയായിരുന്നു. വിസ്മയ പ്ലസ്ടു പഠിക്കുമ്പോഴാണ് സംഭവം.
എന്‍.എസ്.എസ് വളണ്ടിയര്‍ ആയിരുന്ന വിസ്മയ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഇപ്പോള്‍ പേരാമ്പ്ര ദാറുന്നുജ കോളേജില്‍ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. വാകയാട് സ്വദേശി ചന്ദ്രന്‍ - രമ ദമ്പതികളുടെ ഏകമകളാണ് വിസ്മയ. സര്‍ക്കാറില്‍ നിന്ന് ലഭിച്ച രണ്ട് ലക്ഷം രൂപയുടെ സഹായത്തോടെയാണ് വീടുപണി തുടങ്ങിയത് എന്നാല്‍ ഇനിയും പണി പൂര്‍ത്തീകരിക്കാനുണ്ട്. ദുരിതക്കയത്തിലും മകളുടെ ധീരതയില്‍ അഭിമാനിക്കുകയാണ് ഈ കുടുംബം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam