
കോട്ടയം: ഒരിടവേളയ്ക്ക് ശേഷം ബഫർ സോൺ പ്രശ്നം വീണ്ടും സജീവമാക്കി സിറോ മലബാർ സഭ. ബഫര്‍ സോണുകളിൽ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സഭയുടെ കാര്‍ഷിക സംഘടനയായ ഇൻഫാം വിടുതൽ സന്ധ്യ സംഘടിപ്പിച്ചു. പരിപാടിയിൽ മലയോര മേഖലകളിൽ നിന്നുള്ള ജനപ്രതിനിധികളും പങ്കെടുത്തു.
പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണം, ഏലമലക്കാടുകളെ പൂർണ്ണമായും വനഭൂമിയാക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ഉപേക്ഷിച്ച് റവന്യൂ ഭൂമിയായി നിലനിർത്തണം, വന്യജീവി ആക്രമണങ്ങളിൽ നിന്നും കർഷകർക്ക് സംരക്ഷണം നൽകണം- ഈ മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഇൻഫാമിന്റെ നേതൃത്വത്തിൽ വിടുതൽ സന്ധ്യ സംഘടിപ്പിച്ചത്.
ഇൻഫാം ദേശീയ ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിൽ പരിപാടി ഉദ്ഘാടനം ചെയ്തു വിഷയം അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിനെയടക്കം പ്രതിരോധത്തിൽ ആക്കുന്ന പരിപാടിയിൽ സർക്കാർ ചീഫ് വിപ്പ് എൻ ജയരാജ്, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുത്ത് അനുഭാവം പ്രകടിപ്പിച്ചത് ശ്രദ്ധേയമായി. വന്യജീവി ആക്രമണങ്ങൾ ഉണ്ടായാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന നിർദേശം ആന്റോ ആന്റണി എംപി മുന്നോട്ട് വച്ചു
പ്രശ്നത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് പിന്നീട് പ്രസംഗിച്ച ജോസ് കെ മാണി എംപി പറഞ്ഞു. തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകൾ വരും വർഷങ്ങളിൽ നടക്കാനിരിക്കെ വിഷയം വീണ്ടും സജീവമാക്കാനുള്ള ശ്രമത്തിലാണ് സിറോ മലബാർ സഭ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam