സ്കൂട്ടറിൽ 16 കിലോ കഞ്ചാവ് കടത്തുന്നതിനിടെ രക്ഷപ്പെട്ട പ്രധാന പ്രതിയെ മാസങ്ങൾക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. നേമം സ്വദേശിയായ തൗഫീറാണ് പിടിയിലായത്.
തിരുവനന്തപുരം: സ്കൂട്ടറിൽ കഞ്ചാവ് കടത്തിയത് സിറ്റി ഡാൻസാഫ് സംഘം കണ്ടെത്തിയതോടെ സ്ഥലത്ത് നിന്നും മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞ നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിൽ ചാനൽക്കരയിൽ തൗഫീറിനെ ( 39 ) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബർ 28നായിരുന്നു സംഭവം. രഹസ്യ വിവരത്തെ തുടർന്ന് രാത്രി പത്ത് മണിയോടെ സ്റ്റുഡിയോ റോഡിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളെ സംശയാസ്പദമായി കണ്ടത്. വിശദമായ പരിശോധനയിൽ 16 കിലോ കഞ്ചാവ് എട്ട് പാക്കറ്റുകളിലായി കടത്താൻ ശ്രമിച്ചത് പിടികൂടി. പായ്ക്കറ്റുകളിലാക്കിയ കഞ്ചാവ് സ്കൂട്ടറിനു മുന്നിൽ ചാക്കിൽ കെട്ടിവെച്ചിരുന്ന രീതിയിലാണ് പിടിച്ചെടുത്തത്.
വെള്ളായണി സ്റ്റുഡിയോ റോഡ് കൊച്ചുകളിയിക്കലിൽ ശിവൻ (44) അന്ന് പിടിയിലായിയിരുന്നു. കൂടെ ഉണ്ടായിരുന്ന തൗഫീർ ആണ് മാസങ്ങൾക്കിപ്പുറം പൊലീസിന്‍റെ വലയിലായത്. ഇയാൾ ഒളിവിൽ കഴിയുന്ന വിവരം ലഭിച്ച പൊലീസ് രഹസ്യ നീക്കത്തിലൂടെ പിടികൂടുകയായിരുന്നു. ഇയാളാണ് കഞ്ചാവ് കൈമാറിയതെന്ന് പിടിയിലായ ശിവൻ മൊഴി നല്കിയിരുന്നു. നേമം പൊലീസിന്‍റെ ക്രിമിനൽ പട്ടികയിലുള്ളയാളാണ് തൗഫീർ. ഇയാളുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ശിവൻ.


