
എടത്വാ: വിആർഎസ് എടുത്ത ആലപ്പുഴ കെഎസ്ഇബി സബ് എൻജിനിയറുടെ മൃതദേഹം നീരേറ്റുപുറം മണിമലയാറ്റിൽ കാണപ്പെട്ടു. ആലപ്പുഴ വണ്ടാനം ആറ്റുപുറം രഘുനാഥ് തങ്കപ്പന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്. നവംബർ 30-ന് ജോലിയിൽനിന്ന് വിആർഎസ് എടുത്ത രഘുനാഥിനെ ഏതാനും ദിവസങ്ങളായി വീട്ടിൽനിന്ന് കാണാതായിരുന്നു. കാണാതാകുമ്പോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, പേഴ്സ്, എടിഎം കാർഡ് എന്നിവ വീട്ടിൽ വെച്ച നിലയിലായിരുന്നു. വിആർഎസ് എടുത്ത രഘുനാഥിന് സഹപ്രവർത്തകർ ഇന്ന് യാത്രയയപ്പ് നൽകാൻ തീരുമാനിച്ചിരുന്നു. വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് മൃതദേഹം ആറ്റിൽ പൊന്തിയത്.
ഇന്ന് രാവിലെ 9.30ഓടെ മൃതദേഹം മണിമലയാറ്റിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു. മൃതദേഹം ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ എടത്വാ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എടത്വാ സി ഐ അൻവറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. തകഴിയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam