'റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തെറ്റുകള്‍, ആ ഏഴ് പേർ മധുവിനെ പിടിച്ചുകൊണ്ടുവന്നിട്ടില്ല': വെളിപ്പെടുത്തല്‍

By Web TeamFirst Published Dec 8, 2022, 7:28 PM IST
Highlights

എഫ്ഐആറിൽ പറയുന്ന ഏഴുപേർ കാട്ടിൽ പോയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞു. പ്രതിഭാഗത്തിന്റെ വിസ്താരത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
 

പാലക്കാട്: അട്ടപ്പാടിയിലെ മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടുവന്നതായി എഫ്ഐആറിൽ പറയുന്ന ഏഴുപേർ കാട്ടിൽ പോയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞു. പ്രതിഭാഗത്തിന്റെ വിസ്താരത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

പ്രോസിക്യൂഷന്റെ മുഖ്യ വിസ്താരത്തിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ മുൻ അഗളി ഡിവൈഎസ്പി ടി.കെ.സുബ്രഹ്മണ്യനെ വ്യാഴാഴ്ചയാണ് പ്രതിഭാഗം വിസ്താരം ആരംഭിച്ചത്. എഫ്ഐആറിൽ പറയുന്ന ഏഴ് പേർ മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടുവന്നു എന്നത് ബോധ്യപ്പെട്ടിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകനായ ഷാജിത്തിന്റെ ചോദ്യത്തിനു മറുപടിയായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. മധുവിനെ കസ്റ്റഡിയിലെടുത്ത അഡീഷനൽ എസ്ഐ പ്രസാദ് വർക്കിയുടെ എഫ്ഐഎസിൽ എഴുതിയത് കളവാണെന്ന് ബോധ്യമായെന്നും ചോദ്യത്തിനു മറുപടിയായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. 

ഇത് ഗുരതരമായ വീഴ്ചയാണെന്ന് തോന്നിയില്ല. മുക്കാലിയിലുണ്ടായിരുന്നവരോട് പ്രസാദ് വർക്കി അഡ്രസ് ചോദിച്ചപ്പോൾ ആദ്യം പറയാൻ മടിച്ചെന്നും പിന്നീട് തെറ്റായ വിലാസം നൽ കിയെന്നുമാണ് മനസ്സിലാകുന്നതെന്നും അങ്ങനെയാണ് തെറ്റായ മേൽവിലാസം എഫ്ഐഎസിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു. മധുവിന്റെ ദേഹത്തെ മുഴുവൻ പരിക്കുകളും ഇൻക്വസ്റ്റിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. മധുവിനെ മുക്കാലിയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുമ്പോൾ ആശുപത്രിയിൽ കൊണ്ടുപോകേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ അടിയന്തര സാഹചര്യം ഉള്ളതായി തോന്നിയില്ല. താവളം കഴിഞ്ഞപ്പോൾ ഛർദിച്ച് കൂടുതൽ അവശനായി. ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു 

റിമാൻഡ് റിപ്പോർട്ടിൽ ചെറിയ തെറ്റുകൾ പിന്നീട് ശ്രദ്ധയിൽപ്പെട്ടു. മധുവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഘത്തിന് വീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ടിട്ടില്ല. കേസ് ഡയറിയിൽ സമയം രേഖപ്പെടുത്താത്തതിന് പ്രത്യേക കാരണമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. വിസ്താരം വെള്ളിയാഴ്ചയും തുടരും . പ്രതിഭാഗം ആവശ്യപ്പെട്ട രേഖകൾ 12 ന് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.

Read Also: കെടിയു വിസി നിയമനം, അപ്പീലുമായി സംസ്ഥാന സർക്കാർ

 

click me!