നെടുമ്പാശ്ശേരിയിൽ 6.5 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. ബംഗാളിൽ നിന്ന് കോയമ്പത്തൂർ വഴി ബസിൽ അത്താണിയിലെത്തിച്ച കഞ്ചാവ്, ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽക്കാനായിരുന്നു പദ്ധതി. അത്താണി ബസ് സ്റ്റോപ്പിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൊച്ചി: നെടുമ്പാശ്ശേരിയിൽ 6.5 കിലോ കഞ്ചാവുമായി ഇതര സംസ്ഥാ‌ന തൊഴിലാളി പൊലീസ് പിടിയിൽ. പശ്ചിമ ബംഗാൾ ആലിപ്പൂർ സ്വദേശി ബാബുൽ മിത്ര(41)യെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശ്ശേരി പൊലീസും ചേർന്ന് പിടികൂടിയത്. ആലുവ മാറമ്പിള്ളി ഭാഗത്തേക്ക് വില്പനക്കായി കൊണ്ടുവന്ന കഞ്ചാവ് അത്താണി എയർപോർട്ട് സിഗ്നൽ ജംഗ്ഷനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നുമാണ് പിടികൂടിയത്. ബംഗാളിൽ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടിയിൽ യാത്ര ചെയ്ത് കോയമ്പത്തൂരിൽ ഇറങ്ങുകയായിരുന്നു.

അവിടെ നിന്ന് ബസ് മാർഗം അത്താണിയിലെത്തി. ബാഗിൽ പ്രത്യേകം പൊതിഞ്ഞ പായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പൊലീസ് പിടികൂടാതിരിക്കാനാണ് കോയമ്പത്തൂർ വരെ ട്രെയിനിലെത്തി, തുടർന്ന് ബസിൽ യാത്ര ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനായിരുന്നു പദ്ധതി. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി ബാബുക്കുട്ടൻ, എസ്ഐമാരായ അജീഷ് കെ ജോൺ, ടി അനൂപ്, ബിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.