
ഇടുക്കി: മൂന്നാറില്‍ മുതിരപ്പുഴയുടെ കൈവഴിയായ തോട് കയ്യേറി നടത്തിയ നിര്‍മ്മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കി. ദൂരപരിധി പാലിക്കാതെ അനധികൃതമായി നടത്തുന്ന നിര്‍മ്മാണം മാധ്യമങ്ങളാണ് പുറത്ത് വിട്ടത്. തുടര്‍ന്നാണ് റവന്യൂ വകുപ്പിന്റെ നടപടി. മൂന്നാര്‍ കോളനിയില്‍ കൈത്തോടിന്റെ ദൂരപരിധി ലങ്കിച്ച് യന്ത്രങ്ങളുടെ സഹായത്തോടെ സ്വകാര്യവ്യക്തി നിര്‍മാണം നടത്തുന്നത് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് പുഴ സംരക്ഷിക്കുന്നതിനും കയ്യേറ്റം ഒഴുപ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ തോട് പുറംപോക്ക് കയ്യേറിയാണ് നിര്‍മ്മാണമെന്നും ഇത് നീരൊഴുക്കിന് തടസ്സമാകുമെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാര്‍ വില്ലേജ് ഓഫീസര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ത്തിവയ്ക്കല്‍ ഉത്തരവ് നല്‍കിയത്.
ഇതിനു സമീപത്തെ മറ്റൊരു കെട്ടിടത്തിന് ദേവികുളം സബ് കളക്ടര്‍ കഴിഞ്ഞ ദിവസം സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. കോടതികളിലും ഇത്തരം കെട്ടിടങ്ങളുടെ കേസുകള്‍ നിരവധിയാണ്. പഴയ മൂന്നാറില്‍ മൂന്നാര്‍ പഞ്ചായത്ത് നിര്‍മ്മിച്ച ഷോപ്പിംങ്ങ് കോംപ്ലക്‌സ് ദൂരപരിതി ലങ്കിച്ചതിതോടെ ഇപ്പോഴും നിയമകുരുക്കിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam