
അരൂർ: റോഡ് തകർന്ന് തരിപ്പണമായതിനെത്തുടർന്ന് നാട്ടുകാർ വെള്ളക്കെട്ടായ റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു. അരൂർ പഞ്ചായത്ത് 5-ാം വാർഡിലെ ഇല്ലത്തുപടി- പള്ളിയറക്കാവ് റോഡിലാണ് സംഭവം. കഴിഞ്ഞ രണ്ടു വർഷമായി ഈ റോഡ് കാൽനടയാത്ര പോലും അസാധ്യമായ നിലയിൽ തകർന്നുകിടക്കുകയാണ്. പല തവണ നാട്ടുകാർ ഇക്കാര്യം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല.
അരൂർ പഞ്ചായത്ത് പ്രസിഡന്റ് വാർഡ് മെമ്പറായിട്ടുള്ള പ്രദേശത്തെ റോഡാണിത്. ഇല്ലത്തുപടിയിൽ നിന്നും അരൂർ പള്ളിയിൽ എത്തിച്ചേരുന്ന റോഡ് നിത്യേന ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്നു. റോഡിലെ കുഴിയും വെള്ളക്കെട്ടും മൂലം നാട്ടുകാർ ബുദ്ധിമുട്ടിലായിട്ടും പഞ്ചായത്ത് അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല. ഇരുചക്ര വാഹന യാത്രക്കാരും വിദ്യാർത്ഥികളുൾപ്പടെയുള്ള യാത്രക്കാർ ഇതു മൂലം നരകയാതനയനുഭവിക്കുകയാണ്. പഞ്ചായത്തിലെ മറ്റു റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തിയപ്പോഴും ഈ റോഡിനെ അധികൃതർ മന:പൂർവ്വം അവഗണിച്ചതായി നാട്ടുകാർ പരാതിപ്പെടുന്നു.
റോഡിന്റെ 200 മീറ്ററോളം വരുന്ന ഭാഗമൊഴികെ കഴിഞ്ഞ വർഷം അറ്റകുറ്റപ്പണി നടത്തിയിരുന്നുവെങ്കിലും അടിത്തറയടക്കം തകർന്ന നിലയിലായ റോഡിന്റെ ഈ ഭാഗം പുനർ നിർമ്മാണം നടത്താൻ അധികൃതർ തയ്യാറാകാത്തത് പരക്കെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സ്ത്രീകളടക്കമുള്ള യാത്രികർ മഴക്കാലത്ത് നീന്തിത്തുടിച്ചാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. ദേശീയപാതയിൽ അരൂർ പള്ളി മുതൽ അരൂർ ക്ഷേത്രം വരെയുള്ള ഭാഗങ്ങളിൽ മാർഗതടസമുണ്ടാകുമ്പോൾ സമന്തര പാതയായ ഈ റോഡാണ് അത്തരം ഘട്ടങ്ങളിൽ പ്രയോജനപ്പെടുക. എന്നിട്ടും റോഡ് പുനർനിർമ്മാണം നടത്താൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതേത്തുടർന്നാണ് ഇന്ന് രാവിലെ പ്രതിഷേധ സൂചകമായി നാട്ടുകാർ വെള്ളക്കെട്ടിൽ വാഴ നട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam