
ഹരിപ്പാട്: ആറാട്ടുപുഴ മംഗലം പുത്തൻ ചിറയിൽ ശിവദാസന്‍റെ വീടിന് തീപിടിച്ച് വന്‍നാശനഷ്ടം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ശിവദാസനും ഭാര്യയും രണ്ടുമക്കളുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഞെട്ടിയെണീറ്റ മകള്‍ ഗീതയാണ് കിടപ്പുമുറിയില്‍ തീപടര്‍ന്നുപിടിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക്കയും പാചകവാതക സിലിണ്ടര്‍ നീക്കം ചെയ്യുകയുമായിരുന്നു.
തീ കൂടുതൽ പടർന്നു പിടിച്ചതോടെ ബഹളമുണ്ടാക്കി നാട്ടുകാരെ കൂട്ടി. നാട്ടുകാരെത്തി സമീപത്തെ തോട്ടിൽ നിന്നും വെള്ളംകോരിയൊഴിച്ചെങ്കിലും തീ കൂടുതൽ പടർന്നു പിടിച്ചു. മൂന്നരയോടെ ഹരിപ്പാട് നിന്ന് അഗ്നിശമനസേനയുടെ യൂണിറ്റ് എത്തിയെങ്കിലും വീട്ടിലേക്കുള്ള വഴിക്ക് വീതി ഇല്ലാത്തതിനാൽ ഇവിടേക്ക് എത്താൻ കഴിഞ്ഞില്ല. തുടർന്ന് ഫയർഫോഴ്സിന്‍റെ മൊബൈൽ യൂണിറ്റ് എത്തിയാണ് തീയണച്ചത്.
ഓടുമേഞ്ഞ മൂന്ന് കിടപ്പുമുറിയും വിറകുപുരയും പൂർണമായും കത്തിനശിച്ചു. ഹാളിലും അടുക്കളയിലും മാത്രമാണ് വലിയ തോതിൽ തീപടരാതിരുന്നത്. വീടിൻറെ പ്രമാണം അടക്കം വിലപ്പെട്ട രേഖകളും വീട്ടുപകരണങ്ങളും കത്തിനശിച്ചതായി വീട്ടുകാർ പറഞ്ഞു. ഗവൺമെൻറ് ആയുർവേദ ആശുപത്രിയിലെ അറ്റൻഡർ ആയിരുന്ന ശിവദാസന് ലഭിച്ച പെൻഷൻ തുകയും സ്കൂൾ തുറക്കാനിരിക്കെ ശിവദാസന്‍റെ കൊച്ചുമക്കൾക്ക് വാങ്ങിയ പുത്തൻ യൂണിഫോമും അടക്കം അഗ്നിക്കിരയായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam