
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ പാൽക്കുളംമേട് വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് വനം വകുപ്പ് (Forest Department) വീണ്ടും അടച്ചു. നിരവധി കർഷകരുടെ കൈവശമുള്ള ഭൂമിയിലൂടെ കടന്നു പോകുന്ന റോഡാണ് വനം വകുപ്പ് അടച്ചത്. എന്നാൽ നഗരംപാറ റേഞ്ചിൻറെ ഭാഗമായ വനഭൂമിയിലൂടെയാണ് റോഡ് കടന്നു പോകുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.
സംസ്ഥാന ടൂറിസം വകുപ്പിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ചതോടെ പാൽക്കുളംമേട്ടിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടിയിരുന്നു. എല്ലാ വർഷവും വിനോദ സഞ്ചാര സീസണിൽ രണ്ടു മാസം വനംവകുപ്പ് ഇവിടെ ചെക്കു പോസ്റ്റ് സ്ഥാപിച്ച് പരിശോധന നടത്തിയിരുന്നു.
ഇത്തവണ ലോക്ക് ഡൌൺ കഴിഞ്ഞിട്ടും റോഡ് തുറക്കാതെ വന്നതോടെ ശനിയാഴ്ച പഞ്ചായത്തിൻറെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇത് തുറന്നു. തിങ്കളാഴ്ച വനം വകുപ്പ് വീണ്ടും അടച്ച് മുന്നറിയിപ്പ് ബോർഡ് വച്ച് പട്രോളിംഗും ഏർപ്പെടുത്തി. ഈ ഭാഗത്ത് നാൽപ്പതോളം പേർക്ക് പട്ടയ ഭൂമിയുണ്ടെന്നാണ് പ്രദേശ വാസികൾ പറയുന്നത്. പലരും ഇവിടെ പതിറ്റാണ്ടുകളോളം താമസിച്ചതുമാണ്. ഇവിടെ നിന്നും രണ്ടു കിലോമീറ്ററോളം മുകളിലാണ് വനംവകുപ്പിൻറെ ജണ്ടയുള്ളത്.
അതേ സമയം നഗരംപാറ റെയ്ഞ്ചിൻറെ ഭാഗമായ 85 ഏക്കർ വനഭൂമിയിലുൾപ്പെട്ടതാണിതെന്നാണ് വനം വകുപ്പിൻറെ വാദം. വ്യാജപ്പട്ടയത്തിൻറെ മറവിലാണ് ചിലർ ഭൂമി കൈവശം വച്ചിരിക്കുന്നതെന്നും അനധികൃത ടൂറിസം തടയുന്നതിനാണ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചതെന്നും വനംവകുപ്പ് പറയുന്നു. വനം റവന്യൂ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി ഉടൻ തന്നെ കൃത്യമായി അതിർത്തി നിർണയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam