കോഴിക്കോട്: വലിയ പാറകൾ വീണ് റോഡ് തകർന്നതോടെ കക്കയം പവർ ഹൗസിലേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. കോഴിക്കോട്ടെ പ്രധാന പവർ ഹൗസിലേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടത് കെഎസ്ഇബിക്ക് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. കക്കയം പവർഹൗസിലേക്കുള്ള തകർന്ന റോഡ് പുനസ്ഥാപിക്കാൻ മാസങ്ങളെടുക്കും. കെഎസ്ഇബി, വനംവകുപ്പ് ഓഫീസുകൾ ഒറ്റപ്പെട്ടു. കോഴിക്കോട്ടെ ഏറ്റവും വലിയ പവർ ഹൗസാണ് കക്കയത്തേത്.
കക്കയം ടൗണിൽ നിന്നും 19 കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് പവർ ഹൗസ് സ്ഥിതി ചെയ്യുന്നത്. തകർന്ന റോഡിൽ നിന്നും പവർ ഹൗസിലേക്ക് അഞ്ച് കിലോ മീറ്റർ ദൂരമുണ്ട്. ഏകദേശം 20 മീറ്റർ സ്ഥലത്തുള്ള റോഡ് പാറക്കെട്ടിനൊപ്പം താഴേക്ക് ഒഴുകിപ്പോയി. റോഡ് തകർന്നതോടെ അടിയന്തര ആവശ്യങ്ങൾക്ക് പോലും പവർ ഹൗസിലേക്ക് പോകാനാകില്ല.
റോഡ് പുനസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന് പിഡബ്ലുഡി ഉദ്യോഗസ്ഥർ പറയുന്നു. പവർ ഹൗസിന് സമീപത്ത് കെഎസ്ഇബി, വനംവകുപ്പ് ഓഫീസും പൊലീസ് ഔട്ട്പോസ്റ്റും സ്ഥിതി ചെയ്യുന്നുണ്ട്. അടിയന്തിര സാഹചര്യം ഉണ്ടായാൽ ഉദ്യോഗസ്ഥർക്കും ഫയർ ഫോഴ്സ് അടക്കമുള്ള സേനയ്ക്കും സ്ഥലത്തെത്താൻ കഴിയില്ല. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.
സ്ഥലത്ത് കുടുങ്ങിയ തൊഴിലാളികളെയും കെഎസ്ഇബി, ഫോറസ്റ്റ്, പൊലീസ് ഓഫീസർമാരെയും ഫയർഫോഴ്സ് എത്തിയാണ് റോഡിനിപ്പുറത്ത് എത്തിച്ചത്. മഴ കനത്തതോടെ ഈ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുന്നത് പതിവാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദ സഞ്ചാരികളെ പ്രദേശത്തേക്ക് കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam