
മാനന്തവാടി: പേര്യക്കടുത്ത തവിഞ്ഞാല്‍ പഞ്ചായത്തിലെ ആലാറ്റില്‍-വട്ടോളി-കുനിയിമ്മല്‍-വാളാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡ് കണ്ടവര്‍ തോടാണെന്ന് തെറ്റിദ്ധരിച്ചാല്‍ ആശ്ചര്യപ്പെടാനില്ല. പണിത് രണ്ട് വര്‍ഷമാകുമ്പേഴേക്കും നിരവധി പേര്‍ ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന് ചെളിക്കുളമായി കഴിഞ്ഞു. ആകെ തകര്‍ന്ന റോഡില്‍, വേനല്‍ മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് കൂടി രൂപപ്പെട്ടതോടെ കാല്‍നടയാത്ര പോലും സാധ്യമല്ലാതായിരിക്കുകയാണ്.
വട്ടോളിമുതല്‍ കുനിയിമ്മല്‍ കുണ്ടത്തില്‍വരെ ഒരു കിലോമീറ്ററിലധികമുള്ള റോഡിനായി 34 ലക്ഷം രൂപയിൽ അധികമാണ് ചിലവഴിച്ചത്. എം എല്‍ എ ഒ ആര്‍ കേളുവാണ് തുക അനുവദിച്ചത്. എന്നാല്‍ ടാറിങ് പൂര്‍ത്തിയാക്കി ഒരുവര്‍ഷം തികയും മുമ്പേ തന്നെ ഈ റോഡ് തകര്‍ന്നുതുടങ്ങിയിരുന്നു. ഇപ്പോള്‍ തകര്‍ച്ച ഏതാണ്ട് പൂര്‍ണമായി. കുറ്റിവയല്‍, കുനിയിമ്മല്‍, വട്ടോളി എന്നീ പ്രദേശങ്ങളിലുള്ളവരാണ് റോഡിനെ കൂടുതലായും ആശ്രയിക്കുന്നത്.
സമീപസ്ഥലങ്ങളില്‍ റോഡുപണി നടക്കുന്നതിനാല്‍ ടണ്‍ കണക്കിന് സാധന സാമഗ്രികളുമായി ഈ റോഡിലൂടെയാണ് നിത്യേന വലിയ വാഹനങ്ങള്‍ ഓടുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് ഭാരവാഹനങ്ങള്‍ കൂടുതലായി കടത്തിവിട്ടതാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. പലയിടങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ കാറുകൾ അടക്കുള്ള ചെറിയ വാഹനങ്ങള്‍ക്ക് ഈ റോഡിലൂടെ ഓടാന്‍കഴിയാത്ത അവസ്ഥയായി മാറി. ചിലയിടങ്ങളില്‍ അരമീറ്ററിലധികം താഴ്ചയുള്ള കുഴികളാണ് റോഡിലുള്ളത്.
എന്നാല്‍ ഉറവയും വെള്ളക്കെട്ടും ഉള്ള സ്ഥലങ്ങളിലെ റോഡുകള്‍ നിര്‍മ്മിക്കേണ്ട ശ്രദ്ധയൊന്നും ആലാറ്റില്‍ - വട്ടോളി - കുനിയിമ്മല്‍ - വാളാട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡില്‍ പുലര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് രണ്ടുവര്‍ഷം മുമ്പ് ഫണ്ട് അനുവദിച്ച് റോഡ് നന്നാക്കിയത്. എന്നാല്‍, ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും റോഡിന് ഒരു ഗുണവും ഇല്ലാതായി. വയലിനരികിലൂടെയുള്ള ഈ റോഡ് നന്നാക്കുമ്പോള്‍ മുന്‍കരുതലെടുക്കാത്തത് കാരണമാണ് ടാറിങ് ചെയ്ത ഉടനെ തകരാനിടയാക്കിയതെന്നതാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. കരാറുകാരുടെ മുതലെടുപ്പിന് അധികൃതര്‍ ഒത്താശ ചെയ്തു നല്‍കുകയാണെന്നുള്ള ആരോപണവും ശക്തമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam