ദേശീയപാതയുടെ ശോച്യാവസ്ഥ; നിരാഹാരസമരത്തിനൊരുങ്ങി രാജ്മോഹന്‍ ഉണ്ണിത്താന്‍

By Web TeamFirst Published Sep 15, 2019, 5:17 PM IST
Highlights

ഉടൻ അറ്റകുറ്റപ്പണി നടത്തുമെന്ന വാഗ്ദാനം ദേശീയപാത അതോറിറ്റി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് 24 മണിക്കൂര്‍ നിരാഹാര സമരം. 

കാസര്‍കോട്: ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുമെന്ന്  കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ അറിയിച്ചു. ഉടൻ അറ്റകുറ്റപ്പണി നടത്തുമെന്ന വാഗ്ദാനം ദേശീയപാത അതോറിറ്റി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് 24 മണിക്കൂര്‍ നിരാഹാര സമരം. 

ദേശീയപാത കാസർഗോഡ് ജില്ലയിൽ പൂർണമായും തകർന്ന അവസ്ഥയിലാണ്. താലപ്പാടി മുതൽ കാസർഗോഡ് വരേയും നീലേശ്വരം മുതൽ കാലിക്കടവ് വരേയും യാത്ര ദുസ്സഹമാണ്. വാഹനങ്ങൾ കുഴികളിൽ വീണ് യാത്രക്കാർ മരിക്കുന്ന സ്ഥിതി വരെയുണ്ടായി. പാത ഉടൻ ഗതാഗതയോഗ്യമാക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.

ഈ മാസം 20 ന് രാവിലെ 9 മണിമുതൽ 24 മണിക്കൂർ നേരമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ സൂചനാ സമരം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും എംപി വ്യക്തമാക്കി. 

മഴ തുടരുന്നതിനാലാണ് അറ്റകുറ്റ പണികള്‍ ആരംഭിക്കാത്തതെന്നാണ് ദേശീയപാതാ അധികൃതരുടെ വിശദീകരണം.  നിർമ്മാണ കരാറടക്കം കൈമാറിയിട്ടുണ്ടെന്നും കാലാവസ്ഥ അനുകൂലമായാല്‍ ഉടൻ ജോലികൾ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 


 

click me!