
ഇടുക്കി: ഇടുക്കി നെടുംകണ്ടത്തിനടുത്ത് പാറത്തോട്ടിലുള്ള സ്വകാര്യ കമ്പനിയുടെ എടിഎം തകർത്ത് കവർച്ചാ ശ്രമം. കഴിഞ്ഞ രാത്രിയിൽ മേഖലയിൽ വൈദ്യുതി തടസപ്പെട്ടത് മുതലെടുത്താണ് മോഷ്ടാവ് എടിഎം കൗണ്ടറിൽ പ്രവേശിച്ചതെന്നാണ് നിഗമനം. സ്വകാര്യ എടിഎം ഏജൻസി ആയ ഹിറ്റാച്ചിയുടെ ഇടുക്കി നെടുംകണ്ടത്തിനു സമീപം പാറത്തോട്ടിലുള്ള കൗണ്ടറാണ് തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ചത്.
തിങ്കളാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. അടച്ചിട്ടിരുന്ന ഷട്ടർ ഉയർത്തി അകത്തു കടന്ന മോഷ്ടാവ് എടിഎം യന്ത്രത്തിന്‍റെ മുൻ ഭാഗം തകർത്തു. എന്നാൽ പണമുണ്ടായിരുന്ന ഭാഗം തുറക്കാനായില്ല. രണ്ട് ദിവസം മുൻപാണ് എടിഎമ്മിൽ പണം നിറച്ചത്. രാവിലെ പണം എടുക്കാൻ എത്തിയ നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടർന്ന് കട്ടപ്പന എ എസ് പി യുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം എത്തി അന്വേഷണം ആരംഭിച്ചു. വിരളലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ഒരു മണിക്കൂറോളം ഈ ഭാഗത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടിരുന്നു.
കൗണ്ടറിൽ നിന്ന് പണം നഷ്ടമായിട്ടില്ലെന്ന് ഏജൻസി അധികൃതർ അറിയിച്ചു. സിസിടിവി നിരീക്ഷണം നടത്തുന്നത് ചെന്നൈയിലുള്ള ഏജൻസിയാണ്. ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലീസിന്‍റെ നീക്കം. യന്ത്രം തകർക്കാൻ ശ്രമിച്ച രീതി വച്ച് പ്രൊഫഷണൽ എടിഎം മോഷണ സംഘങ്ങളല്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam