
തൃശൂർ: തൃശൂരിലെ കാട്ടൂർ ബസാറിലെ വ്യാപാര സ്ഥാപനത്തിൽ മോഷണം. കാട്ടൂർ പൊലീസ് സ്റ്റേഷന്റെ സമീപത്ത് പ്രവർത്തിക്കുന്ന എടത്തിരുത്തി സ്വദേശി നെടിയപറമ്പിൽ അബ്ദുൽ ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള അൽഫിയ ട്രേഡേഴ്സിലാണ് മോഷണം നടന്നത്. കടയിൽ നിന്നും രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു.
സ്ഥാപനത്തിൻറെ പുറകുവശത്ത് കൂടി കോണി ഉപയോഗിച്ച് കയറിയശേഷം തട്ടുപൊളിച്ചാണ് അകത്തു കടന്ന് മോഷണം നടത്തിയതെന്നാണ് നിഗമനം. ഇന്ന് രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കാട്ടൂർ എസ്എച്ച്ഒ ആർ. ബൈജുവിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.