'മജ്ജ ഇല്ലാതാകുന്നു, കാഴ്ച മങ്ങി'; അസാധാരണ രോഗം, സുമനസുകളുടെ കനിവ് തേടി സഹോദരങ്ങള്‍

By Web TeamFirst Published Sep 25, 2022, 7:58 AM IST
Highlights

ചികിത്സാ സഹായത്തിനായി റോബിന്റെയും മിനിയുടെയും പേരിൽ അർത്തുങ്കൽ എസ്ബിഐ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 37077575885. ഐ എഫ് എസ് സി കോഡ്: SBIN0008593. ഫോൺ: 6282569313.
 

ചേർത്തല: അസാധാരണ രോഗം മൂലം ദുരിതം പേറുന്ന സഹോദരങ്ങൾ ചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടുന്നു. കണ്ണുകളിൽ ഇരുൾ മൂടുന്ന രോഗാവസ്ഥയുള്ള സഹോദരങ്ങളാണ് ചികിത്സാ സഹായം തേടുന്നത്. ചേർത്തല തൈക്കൽ കൊച്ചീക്കാരൻ വീട്ടിൽ ജോസഫിന്റെയും മിനിയുടെയും മക്കളായ റോയലും (12) റോബിനുമാണ് (10)  കുഞ്ഞ് പ്രായത്തില്‍ അസുഖബാധിതരായി ജീവിതത്തിന്‍റെ നിറക്കാഴ്ചകള്‍ നഷ്ടമായത്.

ചേർത്തല ഹോളിഫാമിലി സ്കൂളിലെ ഏഴിലും നാലിലും പഠിക്കുന്ന വിദ്യാർഥികളാണ്  റോയലും റോബിനും. അസാധാരണമായി കാണപ്പെടുന്ന മുകോപോളിസാക്കിറിഡോസിസ് എന്ന രോഗമാണ് ഇവരെ തീരാ ദുരിതത്തിലാക്കിയത്. അസ്ഥിക്കുള്ളിലെ മജ്ജകൾ ഇല്ലാതാകുകയും കാഴ്ചശേഷി നഷ്ടപ്പെടുകയും കൈകാലുകൾ നിവർത്താൻ കഴിയാതെ വരുന്നതുമാണ് രോഗം. ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഒക്കെ ഇവര്‍ക്ക് മറ്റാളുകളുടെ സഹായം ആവശ്യമാണ്. അഞ്ച് വർഷം മുൻപാണ് കുട്ടികളില്‍ രോഗം കണ്ടെത്തിയത്. ഒരു വർഷം മുൻപ് റോബിന് ഇടതു കണ്ണിന് ശസ്ത്രക്രിയ നടത്തി. റോബിനും റോയലിനും കൈകൾക്ക് ശസ്ത്രക്രിയയും നടത്തിയിരുന്നു. 

റോയലിന് കണ്ണിന് മരുന്നു ചികിത്സയും ഇരുവർക്കും കണ്ണടയും നൽകിയെങ്കിലും ചികിത്സ പൂർണ്ണമായിട്ടില്ല. റോബിന്റെ വലത് കണ്ണിനു ഇനി വീണ്ടും ശസ്ത്രക്രിയ ചെയ്യണം. റോയലിന് രണ്ടു കണ്ണിനും  ശസ്ത്രക്രിയ നടത്തണം. രണ്ടുപേരുടെയും കാലുകൾ വളയുന്നതിനും ശസ്ത്രക്രിയ നടത്തണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ഇപ്പോള്‍ ചികിത്സ തേടുന്നത്. ഇരുവരുടെയും ചികിത്സകൾക്കായി അഞ്ച് ലക്ഷം രൂപയോളമാണ് ആവശ്യമുള്ളത്. ജോസഫ് മത്സ്യത്തൊഴിലാളിയാണ്. മിനിയ്ക്ക് തൊണ്ടയിൽ അർബുദവുമാണ്. പണിതീരാത്ത വീട്ടിലാണ് താമസം. ചികിത്സാ സഹായത്തിനായി റോബിന്റെയും മിനിയുടെയും പേരിൽ അർത്തുങ്കൽ എസ്ബിഐ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 37077575885. ഐ എഫ് എസ് സി കോഡ്: SBIN0008593. ഫോൺ: 6282569313.

Read More : കെഎസ്ആര്‍ടിസി ബസ് സൈക്കളിലിടിച്ചു; അതിഥി തൊഴിലാളിയായ ബ്യൂട്ടീഷന് ദാരുണാന്ത്യം
 

click me!