
കണ്ണൂർ: കേരളത്തിലാദ്യമായി കണ്ണൂരിൽ ഇനി റോബോട്ടുകൾ ഭക്ഷണം വിളമ്പും. ചലച്ചിത്ര താരം മണിയൻ പിള്ള രാജുവും സുഹൃത്തുക്കളും ചേർന്ന് തുടങ്ങുന്ന 'ബീ അറ്റ് കിവിസോ' എന്ന റസ്റ്റോറന്റിലാണ് ഭക്ഷണം വിളമ്പാൻ റോബോട്ടുകൾ തയ്യാറായി നിൽക്കുന്നത്.
അലീന, ഹെലൻ, ജെയിൻ എന്നീ മൂന്ന് റോബോട്ട് സുന്ദരിമാരാണ് അതിഥികളെ സ്വീകരിക്കാനായി ഹോട്ടലിൽ കാത്തുനിൽക്കുന്നത്. അഞ്ചടി ഉയരമുള്ള ഈ റോബട്ടുകളാണ് തീൻമേശകളിൽ ഭക്ഷണമെത്തിക്കുക. ഭക്ഷണവുമായി പോകുന്നതിനിടെ വഴിയിൽ തടസ്സങ്ങളുണ്ടായാൽ അത് മാറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങളും റോബോട്ടുകൾ പുറപ്പെടുവിക്കും. നാലടി മാത്രം ഉയരമുള്ള മൂന്ന് കുഞ്ഞൻ റോബട്ടുകളെ കുട്ടികൾക്കൊപ്പം കളിക്കുന്നതിനായി ഹോട്ടലിലെ വിവിധയിടങ്ങളിൽ ഒരുക്കി നിർത്തിയിട്ടുണ്ട്.
കണ്ണൂരിന്റെ ഭക്ഷണപ്രേമം കണക്കിലെടുത്ത് തന്നെയാണ് സംരംഭം കണ്ണൂരിൽ തുടങ്ങിയതെന്നാണ് മണിയൻ പിള്ള രാജു പറയുന്നത്. മാത്രമല്ല ആദ്യമായി റോബോട്ട് വെയ്റ്റർമാരെ കേരളത്തിന് പരിചയപ്പെടുത്തിയെന്ന പേരും ഹോട്ടലിന് ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. റോബോട്ട് പരീക്ഷണം വിജയിക്കുന്നതോടെ സംരംഭം വ്യാപിപ്പിക്കുമെന്നും മണിയൻ പിള്ള രാജു പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam