
കൊല്ലം: കൊല്ലം തേവലക്കരയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ ബാങ്ക് അപ്രൈസർ അറസ്റ്റിൽ. തേവലക്കര സ്വദേശി അജിത്ത്
വിജയനെയാണ് വാളയാറിൽ നിന്ന് പിടികൂടിയത്. 87 ലക്ഷത്തോളം രൂപയാണ് ഇടപാടുകാരെ കബളിപ്പിച്ച് പ്രതി കൈക്കലാക്കിയത്. ഇന്ത്യൻ ബാങ്കിന്‍റെ തേവലക്കര ശാഖയിലെ അപ്രൈസറായിരുന്നു അജിത്ത് വിജയൻ. ഇടപാടുകാരുടെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ തയാറാക്കിയായിരുന്നു തട്ടിപ്പ്. ആ രേഖ ഉപയോഗിച്ച് മുക്കുപ്പണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തു.
കണക്കുകളിൽ ക്രമക്കേട് കണ്ടെത്തിയതോടെ ബാങ്ക് മാനേജർ തെക്കുംഭാഗം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ആറ് ഇടപാടുകാരെ ചോദ്യം ചെയ്തെങ്കിലും ഇവർക്ക് തട്ടിപ്പിൽ പങ്കില്ലെന്ന് വ്യക്തമായി. ഇതോടെയാണ് അജിത്ത് വിജയനാണ് പണം കൈക്കലാക്കിയതെന്ന് ബോധ്യമായത്. പിടിക്കപ്പെടുമെന്നായതോടെ പ്രതി ഒളിവിൽ പോയി. ഇതോടെ പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായവർ ബാങ്കിന് മുന്നിൽ പ്രതിഷേധം തുടങ്ങി.
സംസ്ഥാനത്തിന് അകത്തും പുറത്തും പ്രതിക്ക് വേണ്ടി പൊലീസ് വലവിരിച്ചിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ അടക്കം കേന്ദ്രീകരിച്ച് അന്വേഷണവും ശക്തമാക്കി. പ്രതി ബംഗളൂരുവിൽ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് ഇങ്ങനെയാണ് വിവരം ലഭിച്ചത്. പൊലീസ് ബംഗളൂരിൽ എത്തിയെങ്കിലും അജിത്ത് വിജയൻ രാജസ്ഥാനിലേക്ക് കടന്നിരുന്നു. ഇതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതി വാളയാർ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. തുടർന്നാണ് ചെക്ക് പോസ്റ്റിന് സമീപത്തു നിന്ന് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam