
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രഭാത ഭക്ഷണമായി നൽകി വന്ന ബ്രഡ് വിതരണം നിലച്ചു. 20 ലക്ഷം രൂപ സർക്കാർ കുടിശികയാക്കിയതോടെ ബ്രഡ് വിതരണക്കാരായ മോഡേണ്‍ ബ്രഡ്, കഴിഞ്ഞ ഒന്ന് മുതൽ വിതരണം അവസാനിപ്പിക്കുകയായിരുന്നു. മില്‍മയ്ക്കും 15 ലക്ഷം രൂപ കുടിശിക നല്‍കാനുണ്ടെങ്കിലും രോഗികളുടെ അവസ്ഥ കണക്കിലെടുത്ത് പാല്‍ വിതരണം മുടക്കിയിട്ടില്ല. പണം നൽകിയില്ലെങ്കില്‍ പാല്‍ വിതരണം നിര്‍ത്തേണ്ടി വരുമെന്ന് മില്‍മ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്വകാര്യ മേഖലയില്‍ മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഇല്ലാത്ത ജില്ലയാണ് ആലപ്പുഴ. അത് കൊണ്ട് തന്നെ ദേശീയപാതയോരത്തോട് ചേര്‍ന്ന് കിടക്കുന്ന വണ്ടാനം മെഡിക്കല്‍ കോളേജാണ് വിദ്ഗധ ചികില്‍സക്ക് ജനങ്ങളുടെ ഏക ആശ്രയം. ദിവസവും ചികിത്സയ്ക്കായി എത്തുന്നത് രണ്ടായിരത്തലധികം പേരാണ്. സാമ്പത്തിക ശേഷി കുറഞ്ഞ പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് പ്രഭാത ഭക്ഷണമായി വിതരണം ചെയ്യുന്ന പാലും ബ്രഡും.
എന്നാല്‍ കഴിഞ്ഞ ഒന്നാം തീയതി മുതല്‍ മോഡേൺ കമ്പനി ബ്രഡിന്‍റെ വിതരണം നിർത്തിയിരിക്കുകയാണ്. കുടിശിക പെരുകി 20 ലക്ഷം രൂപ കടന്നതോടെയാണ് കമ്പനിയുടെ നടപടി. സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ഉപയോഗിച്ചാണ് രോഗികള്‍ക്ക് ബ്രഡും പാലും നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു. പുന്നപ്രയിലെ മില്‍മ യൂണിറ്റാണ് പാല് വിതരണം ചെയ്യുന്നത്.
മില്‍മയ്ക്ക് നൽനുള്ളത് 15 ലക്ഷം രൂപയാണ്. ഇത്രമാത്രം കുടിശിക ഉണ്ടായിട്ടും രോഗികളുടെ അവസ്ഥ കണക്കിലെടുത്ത് മില്‍മ പാല് വിതരണം മുടക്കിയിട്ടില്ല എന്ന് മാത്രം. സന്നദ്ധ സംഘടനകള്‍ വിവിധ നേരങ്ങളില്‍ ഭക്ഷണം നല്‍കുന്നതിനാല്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മാത്രമല്ല പലരം ബ്രഡ് കഴിക്കാതെ കളയുന്നത് മൂലം മാലിന്യം വര്‍ധിക്കുന്നുവെന്നും വാദമുണ്ട്. എന്നാൽ ഇത് തള്ളിക്കളയുകയാണ് മെഡിക്കൽ കോളജിലെത്തുന്ന രോഗികൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം