
തൃശൂര്‍: റബ്ബര്‍ വില കുത്തനെ ഇടിഞ്ഞു. നാലാം ഗ്രേഡ് റബ്ബറിന് 179 രൂപയായി കുറഞ്ഞു. തരം തിരിക്കാത്തതിന് 174 രൂപയായി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. കൂടുതല്‍ കര്‍ഷകര്‍ വിപണിയില്‍ റബ്ബര്‍ എത്തിച്ചതോടെയാണ് വില ഇടിവ് തുടങ്ങിയത്. വരും ദിവസങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് വ്യാപാര കേന്ദ്രങ്ങള്‍ പറയുന്നത്. കഴിഞ്ഞമാസം, സര്‍ക്കാര്‍ താങ്ങുവില 180 രൂപയില്‍ നിന്ന് 200 രൂപയായി ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു ഇത്. എന്നാല്‍ റബ്ബര്‍ ബോര്‍ഡ് നിശ്ചയിച്ച വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം നല്‍കുന്നതിന് കര്‍ഷകരില്‍ നിന്ന് വില്‍പന ബില്‍ സ്വീകരിക്കാന്‍ ബോര്‍ഡ് നടപടി സ്വീകരിച്ചിട്ടില്ല. സൈറ്റ് പോലും തുറന്നിട്ടില്ല. ഓരോ കര്‍ഷകന്റെയും കൃഷിഭൂമി അനുസരിച്ച്, നിശ്ചിത കിലോ റബര്‍ പ്രതിമാസം രണ്ടു തവണയായി ബില്ലാക്കി സംഘങ്ങള്‍ മുഖേന സ്വീകരിക്കുകയാണ് പതിവ്. അതാത് മാസം പ്രഖ്യാപിക്കുന്ന മാര്‍ക്കറ്റ് വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസത്തുകയാണ് ഇന്‍സെന്റീവ് എന്ന നിലയില്‍ കര്‍ഷകര്‍ക്ക് നല്‍കിയിരുന്നത്. താങ്ങുവില വര്‍ധിപ്പിച്ചത് കര്‍ഷകര്‍ ഏറെ ആശ്വാസത്തോടെയാണ് കണ്ടിരുന്നത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞതോടെ സര്‍ക്കാറിന്റെ നടപടി മന്ദഗതിയില്‍ ആകുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട്. കഴിഞ്ഞ നിയമസഭാ പൊതു തെരഞ്ഞെടുപ്പ് നയപ്രഖ്യാപന രേഖയില്‍ താങ്ങുവില 250 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ വിലയനുസരിച്ച് കര്‍ഷകര്‍ക്ക് പണം വിതരണം ചെയ്യാനുള്ള നടപടികള്‍ റബ്ബര്‍ ബോര്‍ഡ് തുടങ്ങിയിട്ടില്ല. ആവശ്യമായ തുക സര്‍ക്കാര്‍ കൈമാറിയിട്ടില്ലെന്നാണ് വിശദീകരണം. ഉത്പാദനച്ചെലവുമായി ഒത്തുപോകാന്‍ കഴിയാത്ത നിലയിലാണ് റബ്ബര്‍ കര്‍ഷകര്‍. ഉയര്‍ന്ന വില പ്രതീക്ഷിച്ച് സ്ലോട്ടര്‍ ടാപ്പിങ്ങിന് എടുത്തവരും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ മരങ്ങള്‍ മുറിച്ചു വില്‍ക്കാന്‍ തയ്യാറാവുകയാണ്.
വില കുറഞ്ഞതോടെ കര്‍ഷകരും തൊഴിലാളികളും തുല്യ പങ്ക് എന്ന നിലയില്‍ ടാപ്പിങ് നടത്തുകയാണ് പലയിടത്തും. ഈ മാസം അവസാനത്തോടെ തണുപ്പ് ഉയര്‍ന്നാല്‍ മരങ്ങളുടെ ഇല കൊഴിയുകയും ഉല്‍പാദനം വീണ്ടും കുറയുകയും ചെയ്യും. ബഹുഭൂരിപക്ഷം കര്‍ഷകരും ഈ വര്‍ഷത്തെ ടാപ്പിങ് നേരത്തെ നിര്‍ത്തിവയ്ക്കാനുള്ള ഒരുക്കത്തിലാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് താങ്ങുവില ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ചെറുകിട കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
മാർക്കറ്റ് വിലയിൽ നിന്ന് 5 രൂപ താഴ്ത്തിയാണ് ചെറുകിട വ്യാപാരികൾ കച്ചവടം ചെയ്യുക. ലോഡിംഗ്, പാക്കിംഗ്, അൺലോഡിങ് എന്നിവയ്ക്കുള്ള ചെലവിലേക്കാണ് 5രൂപ കുറയ്ക്കുന്നത്. എന്നാൽ കോട്ടയം മാർക്കറ്റിൽ റബ്ബർ ബോർഡ് നൽകുന്ന വില തന്നെയാണ് ഈടാക്കുന്നത്. അതിനാൽ മധ്യകേരളത്തിലെത്തുമ്പോഴാണ് ഇത്തരത്തിൽ വിലയിൽ മാറ്റം ഉണ്ടാവുക. തെക്കൻ കേരളത്തിലെ പോലെ മധ്യകേരളത്തിൽ റബ്ബർ ഒരു പ്രധാന കൃഷിയോ വ്യവസായമോ അല്ലാത്തത് തന്നെയാണ് കാരണം. വൻ കിട എസ്റ്റേറ്റുകൾ ഇല്ലാത്ത മധ്യകേരളത്തിൽ ചെറുകിട തോട്ടങ്ങളാണെന്നതും വിലയിടിവിന് കാരണമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam