ചേകന്നൂര്‍ മൗലവി തിരോധാന കേസില്‍ ഭരണാധികാരികൾ ആത്മാര്‍ത്ഥത കാട്ടിയില്ലെന്ന് ഖുറാന്‍ സുന്നത്ത് സൊസൈറ്റി

By Web TeamFirst Published Jul 30, 2019, 8:05 PM IST
Highlights

ചേകന്നൂര്‍ മൗലവിയുടെ തിരോത്ഥാനത്തിന്‍റെ 26ആം വാര്‍ഷികത്തോടനബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച മതഭീകരത വിരുദ്ധ ദിനാചരണത്തിലാണ് കേസില്‍ ഭരണനേതൃത്വത്തിന്‍റെ നിസംഗത വീണ്ടും വിമര്‍ശന വിധേയമായത്.

കോഴിക്കോട്: ചേകന്നൂര്‍ മൗലവി തിരോധാന കേസില്‍ ഭരണാധികാരികളാരും ആത്മാര്‍ത്ഥത കാട്ടിയില്ലെന്ന് ഖുറാന്‍ സുന്നത്ത് സൊസൈറ്റി. യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടിയിരുന്നെങ്കില്‍ കേരളത്തില്‍ മതതീവ്രവാദത്തിന്‍റെ വളര്‍ച്ച തടയാമായിരുന്നു. കേസില്‍ പുനരന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.

ചേകന്നൂര്‍ മൗലവിയുടെ തിരോത്ഥാനത്തിന്‍റെ 26ആം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച മതഭീകരത വിരുദ്ധ ദിനാചരണത്തിലാണ് കേസില്‍ ഭരണനേതൃത്വത്തിന്‍റെ നിസംഗത വീണ്ടും വിമര്‍ശന വിധേയമായത്. കഴിഞ്ഞ 26 വര്‍ഷത്തിനിടെ ഒരു ഘട്ടത്തില്‍ പോലും നിയമസഭയില്‍ ഈ വിഷയം ചര്‍ച്ചയാവാത്തത് കുറ്റവാളികളെ സംരക്ഷിക്കുന്നതില്‍ എല്ലാവരും ഒറ്റക്കെട്ടെന്നതിന് തെളിവെന്ന് ഖുറാന്‍ സുന്നത്ത് സൊസൈറ്റി ഭാരവാഹികള്‍ പറയുന്നു.

പ്രതികളാക്കപ്പെട്ടവരും ഗൂഡാലോചന നടത്തിയവരുമെല്ലാം സ്വതന്ത്രരായി കഴിയുന്നത് മതമേധാവിത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ക്കുളള താക്കീതായി മാറുകയാണ്. കേരളത്തിന്‍റെ നീതിബോധത്തിനേറ്റ മുറിവാണ് ചേകന്നൂര്‍ മൗലവി കേസെന്ന് സുനില്‍ പി ഇളയിടം പറഞ്ഞു.

കേസിലെ ഒമ്പ്ത് പ്രതികളിൽ ഒന്നാം പ്രതിയായിരുന്ന പി.വി ഹംസയെ സിബിഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തത്തിനു ശിക്ഷിച്ചിരുന്നെങ്കിലും ഹൈക്കോടതി കഴിഞ്ഞ ഒക്ടോബറില്‍ ഇയാളെ വിട്ടയച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഖുറാന്‍ സുന്നത്ത് സൊസൈറ്റി നേതാവും ചേകന്നൂര്‍ മൗലവിയുടെ അമ്മാവനുമായ സലീം ഹാജി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

click me!