വേതനം മുടങ്ങി, ഓപ്പറേറ്റര്‍മാര്‍ അവധിയില്‍, ജലനിധി ഓഫീസിന് ഷട്ടറിട്ടു, പൂതാടിയില്‍ ജലവിതരണം പ്രതിസന്ധിയിൽ

Published : Oct 03, 2024, 02:33 PM IST
വേതനം മുടങ്ങി, ഓപ്പറേറ്റര്‍മാര്‍ അവധിയില്‍, ജലനിധി ഓഫീസിന് ഷട്ടറിട്ടു, പൂതാടിയില്‍ ജലവിതരണം പ്രതിസന്ധിയിൽ

Synopsis

അതിരാറ്റുകുന്നിലെ ടാങ്കിലെത്തിക്കുന്ന വെള്ളം ഇരുളത്തെ ടാങ്കിലേക്ക് മാറ്റിയതിന് ശേഷം വിതരണം ചെയ്യുന്നതായിരുന്നു രീതി. എന്നാല്‍ ടാങ്ക് കാലിയായതോടെ ഇരുളം, വട്ടത്താണി ടാങ്കുകളുടെ കീഴിലെല്ലാം കുടിവെള്ള വിതരണം അവതാളത്തിലായിരിക്കുകയാണ്

കല്‍പ്പറ്റ: വയനാട്  പൂതാടി പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം താളം തെറ്റിയതോടെ ജനങ്ങള്‍ പ്രതിഷേധത്തില്‍. ആദിവാസി കുടുംബങ്ങളാണ് ജലവിതരണം പ്രതിസന്ധിയിലായതോടെ കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. മറ്റു വിഭാഗങ്ങളിലുള്‍പ്പെട്ട കുടുംബങ്ങളും ശുദ്ധജലത്തിനായി നെട്ടോട്ടമോടേണ്ട സ്ഥിതിയാണ് നിലനില്‍ക്കുന്നത്.

വാട്ടര്‍ അതോറിറ്റിയാണ് ജലനിധിക്ക് വിതരണത്തിന് ആവശ്യമായ വെള്ളമെത്തിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തിലേറെ കണക്ഷനുകളാണ് ജലനിധിക്ക് കീഴിലുള്ളത്. എന്നാല്‍ വെള്ളം വാങ്ങിയ കണക്കില്‍ 1.80 കോടി രൂപ ജലനിധി വാട്ടര്‍ അതോറിറ്റിക്ക് നല്‍കാത്തതാണ് പ്രതിന്ധിയുടെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

പനമരം പുഴയിലെ വെള്ളം ചീങ്ങോട് വഴി അതിരാറ്റുകുന്നിലെ ടാങ്കില്‍ എത്തിക്കേണ്ട വാട്ടര്‍ അതോറിറ്റി ഇത് നിര്‍ത്തിയപ്പോഴാണ് പ്രതിസന്ധി രൂക്ഷമായതെന്ന് ജനങ്ങള്‍ ആരോപിക്കുന്നത്. അതിരാറ്റുകുന്നിലെ ടാങ്കിലെത്തിക്കുന്ന വെള്ളം ഇരുളത്തെ ടാങ്കിലേക്ക് മാറ്റിയതിന് ശേഷം വിതരണം ചെയ്യുന്നതായിരുന്നു രീതി. എന്നാല്‍ ടാങ്ക് കാലിയായതോടെ ഇരുളം, വട്ടത്താണി ടാങ്കുകളുടെ കീഴിലെല്ലാം കുടിവെള്ള വിതരണം അവതാളത്തിലായിരിക്കുകയാണ്.

അതിനിടെ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജലനിധിയുടെ ഓഫീസും പൂട്ടി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വാല്‍വ് ഓപ്പറേറ്റര്‍മാര്‍ക്ക് വേതനം നല്‍കാനാകാത്തതാണ് മൂന്ന് മാസം മുമ്പ് തന്നെ ഓഫീസ് പ്രവര്‍ത്തനം താളം തെറ്റാന്‍ കാരണമായി പ്രതിപക്ഷം ചൂണ്ടികാണിക്കുന്നത്. ചിലയിടങ്ങളില്‍ വിതരണ പൈപ്പുകളില്‍ ഉണ്ടായ തകരാര്‍ പരിഹരിക്കാനും സാധിച്ചിട്ടില്ല. ഇരുളം ടാങ്കിന് കീഴിലെ മണല്‍വയല്‍, കല്ലോടിക്കുന്ന്, എല്ലക്കൊല്ലി വട്ടത്താനി ടാങ്കിന് കീഴിലെ കോളേരി, പാപ്ലശേരി, വെളളിമല, തൊപ്പിപ്പാറ അതിരാറ്റ്കുന്ന് ടാങ്കിന് കീഴിലെ പൂതാടി, കേണിച്ചിറ പ്രദേശങ്ങളിലെല്ലാം കുടിവെള്ളത്തിനായി ജനം മറ്റുവഴികള്‍ തേടണമെന്നതാണ് സ്ഥിതി.

യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണസമിതി കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം, പൂതാടിയിലെ പദ്ധതി പുല്‍പ്പള്ളിയിലെ ജലനിധിയെ ഏല്‍പ്പിച്ചതായും അധികം വൈകാതെ തന്നെ ജലവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാനാവുമെന്നുമാണ് പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു