
ബെംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഗോഖര്‍ണയിലെ മലമുകളിലെ കൊടുംകാട്ടിലെ ഗുഹയ്ക്കുള്ളിൽ കഴിയുകയായിരുന്ന റഷ്യൻ പൗരയായ യുവതിയെയും ഇവരുടെ ആറും, നാലും വയസുള്ള രണ്ടു പെണ്‍കുട്ടികളെയും രക്ഷപ്പെടുത്തി. ഗോഖര്‍ണയിലെ രാമതീര്‍ത്ഥ കുന്നിലെ കൊടുംകാടു നിറഞ്ഞ ഏറെ അപകടസാധ്യതയുള്ള കുന്നിൻമുകളിലെ ഗുഹയ്ക്കുള്ളിൽ രണ്ടാഴ്ചയോളമാണ് ആരുമറിയാതെ കഴിഞ്ഞത്.
മണ്ണിടിച്ചൽ സാധ്യതയുള്ള പ്രദേശത്ത് വിനോദ സഞ്ചാരികളുടെയടക്കം സുരക്ഷ മുൻനിര്‍ത്തി ഗോഖര്‍ണ പൊലീസ് ജൂലൈ ഒമ്പതിന് വൈകിട്ട് സ്ഥലത്ത് പട്രോളിങിനായി എത്തിയപ്പോഴാണ് ഗുഹക്ക് സമീപം സാരിയും മറ്റു വസ്ത്രങ്ങളും കണ്ട് പരിശോധിക്കുന്നതും ഇവരെ കണ്ടെത്തിയതും.
അടുത്തിടെ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു. ഗുഹയ്ക്കുള്ളിൽ ആരോ താമസിക്കുന്നുണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തി പരിശോധന നടത്തിയതെന്ന് ഗോഖര്‍ണ സ്റ്റേഷനിലെ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്‍ആര്‍ ശ്രീധര്‍ പറഞ്ഞു. റഷ്യൻ പൗരയായ നിന കുടിന (40), ഇവരുടെ രണ്ടു പെണ്‍മക്കളായ പ്രീമ (6), എമ (4) എന്നിവരാണ് ഗുഹയ്ക്കുള്ളിൽ അപകടകരമായ സാഹചര്യത്തിൽ കഴിഞ്ഞത്. ഗുഹയ്ക്ക് പുറത്ത് സാരിയും മറ്റു വസ്ത്രങ്ങളുമടക്കം കണ്ടതോടെയാണ് സംശയം തോന്നിയ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയത്. ഗുഹക്കുള്ളിൽ മരതടികളും മറ്റു ഉപയോഗിച്ചാണ് ഇവര്‍ താത്കാലിക ഷെഡ്ഡ് ഒരുക്കിയിരുന്നത്.
ആത്മീയ ഏകാന്തത തേടി ഗോവയിൽ നിന്നാണ് ഗോഖര്‍ണയിലെത്തിയതെന്നാണ് യുവതി പൊലീസുകാരോട് പറഞ്ഞത്. നഗര ജീവിതത്തിലെ അലോസരങ്ങളിൽ നിന്ന് മോചനം തേടി വനത്തിനുള്ളിലെ ഗുഹയ്ക്കുള്ളിൽ പ്രാര്‍ത്ഥനയും ധ്യാനവുമായി കഴിയാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നുമാണ് യുവതി അറിയിച്ചത്.ആത്മീയ ലക്ഷ്യം തേടിയാണ് എത്തിയതെങ്കിലും അപകടകാരികളായ വന്യമൃഗങ്ങളും ഉഗ്രവിഷമുള്ള പാമ്പുകളടും ഇഴജന്തുകളുമടക്കമുള്ള കൊടുകാട്ടിൽ കുട്ടികളുമായി രണ്ടാഴ്ചയോളും ഗുഹയ്ക്കുള്ളിൽ യുവതി കഴിഞ്ഞതിന്‍റെ ഞെട്ടലിലായിരുന്നു പൊലീസ്.
2024 ജൂലൈയിൽ രാമതീര്‍ത്ഥ കുന്നിൽ വലിയ ഉരുള്‍പൊട്ടലുണ്ടായിരുന്നു. യുവതിയെ പറഞ്ഞുബോധ്യപ്പെടുത്തിയശേഷം സുരക്ഷിതമായി താഴ്വാരത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുംതയിലെ ആശ്രമത്തിലേക്ക് യുവതിയെയും കുട്ടികളെയും മാറ്റി. വിസയും മറ്റു രേഖകളും ഗുഹയ്ക്ക് സമീപത്ത് വെച്ച് നഷ്ടമായെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഗുഹയ്ക്കു സമീപത്ത് നടത്തിയ തെരച്ചിലിലാണ് യുവതിയുടെ പാസ്പോര്‍ട്ടും വിസ രേഖകളും കിട്ടിയത്.
2018 ഏപ്രിൽ 19ന് യുവതിയുടെ വിസ കാലാവധി പൂര്‍ത്തിയായതാണെന്ന് പരിശോധനയിൽ കണ്ടെത്തി. വിസാ കാലാവധി പൂര്‍ത്തിയായ സമയം നേപ്പാളിലേക്ക് പോയി അവിടെ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി എത്തുകയായിരുന്നുവെന്നും കണ്ടെത്തി. വിസാ ചട്ട ലംഘനം കണ്ടെത്തിയതോടെ യുവതിയെയും കുട്ടികളെയും കാര്‍വാറിലെ വനിത ശിശു ക്ഷേമ വകുപ്പിന്‍റെ സെന്‍ററിലേക്ക് മാറ്റി. ഇവരെ ബെംഗളൂരുവിലെത്തിച്ച് നാടുകടത്താനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് അധികൃതര്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam