
ഇടുക്കി: മണ്ഡലകാലം ആരംഭിക്കാൻ അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കേ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ തീർഥാടകരെത്തുന്ന കുമളിയിൽ ഒരുക്കങ്ങളൊന്നുമായിട്ടില്ല. വിരി വയ്ക്കാനും വാഹനം പാർക്ക് ചെയ്യാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും അയ്യപ്പ ഭക്തർ ഏറെ ബുദ്ധിമുട്ടേണ്ടി വരും. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് അയപ്പ ഭക്തർ ആദ്യമെത്തുന്നത് ഇടുക്കിയിലെ കുമളിയിലാണ്.
തിരക്കേറുന്നതോടെ ആയിരക്കണക്കിന് ഭക്തർ ദിവസേന കുമളിയിലെത്തും. പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ഭക്തർക്ക് വിരി വയ്ക്കാനുള്ള സ്ഥലം ഇതുവരെ സജ്ജമായിട്ടില്ല. ടൗണിൽ പരിമിത സൗകരങ്ങളുള്ള രണ്ട് കംഫർട്ട് സ്റ്റേഷനുകളാണുള്ളത്. തിരക്കേറുമ്പോൾ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ഭക്തർ പാതയോരത്തെ ആശ്രയിക്കേണ്ടി വരും. സൗകര്യങ്ങൾ ഒരുക്കുന്നതിനായി പല തവണ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചിരുന്നു.
വീതി കുറഞ്ഞ വഴികളുള്ള ടൗണിൽ വാഹനം പാർക്ക് ചെയ്യാൻ കഴിയില്ല. പകരം സംവിധാനമൊരുക്കാനുള്ള നെട്ടോട്ടത്തിലാണ് പഞ്ചായത്തിപ്പോഴും. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പാർക്കിംഗ് ക്രമീകരിക്കാനാണ് തീരുമാനം. തീർഥാടകർക്ക് ആത്യാവശ്യ ചികിത്സ നൽകാനുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രിയിലും ക്രമീകരിച്ചിട്ടില്ല. തേക്കടിക്കവല, വണ്ടൻമേട് ജംഗ്ഷൻ എന്നിവിടങ്ങളിലുൾപ്പെടെ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനുള്ള നടപടികളുമായിട്ടില്ല.
അതേ സമയം ശബരിമല നടതുറക്കുന്നതിനു മുൻപ് ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കുമെന്നാണ് കുമളി പഞ്ചായത്ത് പ്രസിഡന്‍റ് രജനി ബിജു പറയുന്നത്. ഇതിനായി ടെണ്ടർ നടപടികൾ പൂർത്തിയാക്കി. ബസ് സ്റ്റാൻഡിനു പുറമെ ഹോളി ഡേ ഹോമിന് സമീപത്തുള്ള ക്ഷേത്ര പരിസരത്തും വിരിപ്പന്തലുകളുണ്ടാക്കും. വഴിയോര വ്യാപാരവും ലൈസൻസില്ലാതെ നടത്തുന്ന താൽക്കാലിക കച്ചവടവും ഇത്തവണ കർശനമായി നിരോധിക്കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം. ഇതിനായി പൊലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത് എന്നിവരുടെ സംയുക്ത പരിശോധനയുണ്ടാകും. എന്തായാലും നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ കുമളിയിലെത്തുന്ന അയ്യപ്പന്മാർ ഇത്തവണ ഏറെ കഷ്ടപ്പെടേണ്ടി വരും.
അസഹ്യ ദുർഗന്ധം, ബീച്ചുകളിൽ കാണപ്പെട്ട നിഗൂഡമായ കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു; ആശങ്കയോടെ നാട്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam