
ആലപ്പുഴ: തീരസദസ്സ് പരിപാടി കഴിഞ്ഞു മടങ്ങുന്ന വഴി ചിന്താ ജെറോമിന്‍റെ കാർ പുഴിമണലിൽ താഴ്ന്നു. വണ്ടി അനങ്ങാതായതോടെ മന്ത്രി സജി ചെറിയാൻ സ്റ്റിയറിംഗ് ഏറ്റെടുത്ത് കാർ പൂഴി മണലിൽ നിന്നും കയറ്റി. മന്ത്രി സജി ചെറിയാൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പറഞ്ഞത്. പഴയ ഡ്രൈവിങ് സ്‌കിൽ ഒന്ന് പുറത്തെടുത്തെന്നാണ് മന്ത്രി സംഭവത്തെക്കുറിച്ച് വിവരിച്ചത്. ഇതിന്‍റെ വീഡിയോയും മന്ത്രി പങ്കുവച്ചിട്ടുണ്ട്.
മന്ത്രി സജി ചെറിയാന്‍റെ കുറിപ്പ് ചുവടെ
തീരസദസ്സ് കഴിഞ്ഞു മടങ്ങുന്ന വഴിയാണ് ചെറിയവെട്ടുകാട് വെച്ച് സ: ചിന്ത ജെറോമിന്റെ വണ്ടി പൂഴിമണലിൽ താഴ്ന്നുപോയത് കണ്ടത്. ഒന്നും നോക്കിയില്ല, പഴയ ഡ്രൈവിങ് സ്‌കിൽ ഒക്കെ പുറത്തെടുത്തു...
വീഡിയോ കാണാം
അതേസമയം ഇന്ന് ചിറയിൻകീഴിൽ നടന്ന തീരസദസിന്‍റെ വിവരങ്ങളും മന്ത്രി സജി ചെറിയാൻ മറ്റൊരു കുറിപ്പിലൂടെ വ്യക്തമാക്കി. ചിറയിൻകീഴ് മണ്ഡലത്തിലെ തീരസദസ് അഞ്ചുതെങ്ങിൽ സംഘടിപ്പിച്ചെന്നും എം എൽ എ വി ശശി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തെന്നും മന്ത്രി വിവരിച്ചു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച തീരദേശവാസികളെ ആദരിച്ചെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. തീര സദസിന്‍റെ ഭാഗമായി വിവിധ അപേക്ഷകൾ പരിശോധിച്ച് മരണാനന്തര ധനസഹായം, വിവാഹ ധനസഹായം, വനിതാ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ വായ്പാ ധനസഹായം ഉൾപ്പെടെ എട്ട് ലക്ഷത്തി എഴുപതിനായിരത്തോളം രൂപയുടെ ധനസഹായവും നൽകിയെന്നും മന്ത്രി വിശദീകരിച്ചു. തീരസദസിൽ വിവിധ ആവശ്യങ്ങൾക്കായുള്ള 2061 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷകളിൽ തീരുമാനങ്ങൾ കൈക്കൊള്ളുകയും മറ്റുള്ളവ തുടർപരിശോധനയ്ക്കായി വിവിധ വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു എന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വിവരിച്ചു. തീരസദസിന്‍റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.