
കായംകുളം: തുണി ഇറക്കുമതി ബിസിനസിൽ പങ്കാളിയാക്കി ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയ യുവതി അറസ്റ്റിൽ. കായംകുളം സ്വദേശിയിൽ നിന്ന് രണ്ടേകാൽ കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയായ സജന സലിം (41) ആണ് അറസ്റ്റിലായത്. ബൽഹോത്ര എന്ന സ്ഥലത്ത് തുണി ഇറക്കുമതി ചെയ്ത് ഹോൾ സെയിൽ കച്ചവടം ഉണ്ടെന്ന് പറഞ്ഞായിരുന്നു യുവതിയുടെ തട്ടിപ്പ്. ബൽഹോത്രയിലെ ബിസിനസിൽ പങ്കാളിയാക്കി ലാഭ വിഹിതം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് കായംകുളം കീരിക്കാട് സ്വദേശിയിൽ നിന്നും രണ്ടേകാൽ കോടിയോളം രൂപ തട്ടിയെടുത്തത്. കേസിലെ ഒന്നാം പ്രതിയായ സജന സലിം ചങ്ങനാശ്ശേരി പെരുന്ന കിഴക്കേ കുടിൽ വീട്ടിൽ നിന്നും തൃക്കൊടിത്താനത്ത് പൊട്ടശ്ശേരി ഭാഗത്ത് താമസിക്കുന്ന മാവേലി മറ്റം തൈപ്പറമ്പിൽ വീട്ടിൽ അനസിന്റെ ഭാര്യയാണ്.
ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് പണം സ്വീകരിക്കുകയും ആദ്യ കാലങ്ങളിൽ കൃത്യമായി ലാഭ വിഹിതം നൽകി വിശ്വാസം പിടിച്ചു പറ്റുകയും ചെയ്താണ് യുവതി തട്ടിപ്പ് നടത്തിവന്നത്. വിശ്വാസം പിടിച്ചു പറ്റിയതിന് ശേഷം കൂടുതൽ തുക വാങ്ങുകയാണ് ഇവരുടെ രീതി. ഇവരെ പിടികൂടിയതറിഞ്ഞ് കൂടുതൽ ആൾക്കാർ പരാതിയുമായി എത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. സജനയുടെ ഭർത്താവും രണ്ടാം പ്രതിയുമായ അനസ് വിദേശത്താണ്. സജനക്കെതിരെ കായംകുളം, ചങ്ങനാശ്ശേരി കോടതികളിൽ ചെക്ക് കേസുകൾ നിലവിലുണ്ട്. കായംകുളം ഡി വൈ എസ് പി അജയ് നാഥിന്‍റെ മേൽനോട്ടത്തിൽ സി ഐ മുഹമ്മദ് ഷാഫി, എസ് ഐ ശിവപ്രസാദ്, എ എസ് ഐ റീന, പോലീസുകാരായ സബീഷ്, സുന്ദരേഷ് കുമാർ, ബിജുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam