
പീരുമേട്: പതിനേഴ് മാസമായി ശമ്പളവും മറ്റാനുകൂല്യങ്ങളും കിട്ടാതായതോടെ പട്ടിണിയിലാണ് ഇടുക്കിയിലെ പീരുമേട്ടിൽ പോബ്സ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലെ തൊഴിലാളികൾ. പ്രശ്ന പരിഹാരത്തിനായി പോബ്സ് എസ്റ്റേറ്റ് ഉടമയുടെ തിരുവല്ല കുറ്റൂരിലുള്ള വീടിനു മുന്നിൽ തൊഴിലാളികൾ സത്യാഗ്രഹം നടത്തും. എ.ഐ.ടി.യു.സിയുടെ കീഴിലുള്ള എച്ച്ഇഎൽ യൂണിയന്റെ നേതൃത്വത്തിലാണ് സമരം. പോബ്സ് ഗ്രൂപ്പിന് ഇടുക്കിയിലെ പീരുമേട് താലൂക്കിൽ ഏഴ് തേയിലത്തോട്ടങ്ങളാണുള്ളത്. താൽക്കാലിക തൊഴിലാളികളടക്കം മൂവായിരത്തോളം പേരാണ് ഇവിടെ പണിയെടുക്കുന്നത്. നൂറിലധികം ഓഫീസ് ജീവനക്കാരുമുണ്ട്. ഒന്നര വർഷമായി ഇവർക്ക് ശമ്പളം കിട്ടുന്നില്ല. ആഴ്ച തോറും കിട്ടിയിരുന്ന 300 രൂപ ചെലവുകാശും ഇപ്പോഴില്ല. ശമ്പളം മുടങ്ങിയതോടെ ഇവരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലായിലാണ്.
മരണമടഞ്ഞ തൊഴിലാളികളുടെയും പിരിഞ്ഞു പോയവരുടേയും ഗ്രാറ്റുവിറ്റി ലഭിക്കുന്നില്ല. ശമ്പളത്തിൽ നിന്നും പിരിച്ച പ്രൊവിഡന്റ് ഫണ്ട് തുകയും മാനേജ്മെൻറ് അടച്ചിട്ടില്ല. ഇതിനാൽ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനോ, വിവാഹത്തിനോ, മറ്റ് ചികിത്സ ആവശ്യങ്ങൾക്കോ പ്രൊവിഡന്റ് ഫണ്ടിൽ നിന്നും അഡ്വവാൻസ് തുക ലഭിക്കാതെയായി. പി.എഫ്. പെൻഷനും അപേക്ഷിക്കാൻ കഴിയുന്നില്ല. കാലപ്പഴക്കം ചെന്ന ലയമുറികളും ജീവനക്കാരുടെ ക്വട്ടേഴ്‌സുകളും അറ്റകുറ്റപ്പണിനടത്താത്തതിനാൽ ജീവൻ കയ്യിൽ പിടിച്ചാണ് തൊഴിലാളികൾ കഴിഞ്ഞു കൂടുന്നത്. ജോലികൾ യഥാസമയം നടത്താത്തതിനാൽ തോട്ടം കാട് കയറി നശിച്ച് കൊണ്ടിരിക്കുന്നു. തൊഴിലാളികൾ നിരവധി സമരങ്ങളും നടത്തി.
പ്രശ്ന പരിഹാരത്തിനായി സെപ്റ്റംബർ മാസത്തിൽ തൊഴിൽ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടത്തിയിരുന്നു. തൊഴിലാളികളുടെ വേതന കുടിശ്ശിക ഘട്ടം ഘട്ടമായി നൽകാമെന്ന് മാനേജ്മെൻറ് അന്ന് സമ്മതിച്ചെങ്കിലും വാക്ക് പാലിച്ചില്ല. ഇതും സമരം ശക്തമാകാൻ കാരണമായിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam