
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നല്‍കാതെ സാമൂഹിക സുരക്ഷ മിഷൻ. മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർമാർക്കാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ട് ഒരു വർഷം കഴിഞ്ഞിട്ടും അവശേഷിക്കുന്ന തുക നല്‍കാത്തത്.
പെട്ടെന്നൊരു ദിവസം ചെയ്തുകൊണ്ടിരുന്ന ജോലി ഇവർക്ക് ഇല്ലാതായി. ഒരു വർഷത്തേക്ക് താൽക്കാലികമായി ജോലിക്ക് വിളിച്ചെങ്കിലും കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് വെള്ളിമാട് കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു..
2020 ഫെബ്രുവരിയിൽ ജോലിയിൽ നിന്ന് പിരിച്ച് വിട്ടെങ്കിലും നൽകാനുള്ള ശമ്പള കുടിശ്ശിക ഇതുവരെയും കൊടുത്ത് തീർത്തിട്ടില്ല. നാലര മാസത്തെ ശമ്പള കുടിശ്ശിക ഉണ്ടായിരുന്നു. മൂന്ന് മാസത്തെ ശമ്പളം കൊടുത്തു തീർത്തെങ്കിലും ബാക്കി ശമ്പളത്തെ പറ്റി തീരുമാനമൊന്നുമായില്ല. ഹാജർ രേഖകൾ പൂർണമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹ്യ സുരക്ഷ മിഷൻ മുഴുവൻ ശമ്പളം കൊടുക്കാതിരുന്നത്. എല്ലാം ശരിയാക്കി ഒരാഴ്ച കൊണ്ട് തിരിച്ചയച്ചെങ്കിലും പിന്നീട് ഒന്നും നടന്നില്ല.
ശമ്പളം വൈകുന്നതിന് വ്യക്തമായ കാരണം എന്താണെന്ന് സുരക്ഷാമിഷനും വ്യക്തമാക്കുന്നില്ല. കണക്കുകളിൽ വന്ന പിഴവ് പരിശോധിച്ച് പണം കൊടുത്ത് തീർക്കുമെന്നാണ് സുരക്ഷാ മിഷൻ വെള്ളിമാട് കുന്ന് ചിൽഡ്രൻസ് ഹോം സൂപ്രണ്ടിനെ അറിയിച്ചത്.
എന്നാൽ എന്ന് ശമ്പളം കൊടുത്ത് തീർക്കുമെന്നതിൽ ഇവർക്കും വ്യക്തതയില്ല. കൊവിഡ് കാലത്ത് ജോലി കൂടി ഇല്ലാതായി കഷ്ടപ്പെടുന്നവർക്ക് കുടിശ്ശികയുള്ള പണം വലിയൊരു ആശ്വാസമാണ്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അത് നിഷേധിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam