ശമ്പളം വൈകി; ആലപ്പുഴ കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍, സര്‍വ്വീസുകള്‍ താളം തെറ്റുന്നു

By Web TeamFirst Published Feb 20, 2021, 9:07 AM IST
Highlights


ഡ്രൈവർമാരും നഴ്‌സുമാരും കൂട്ട അവധിയെടുത്തതോടെ ആലപ്പുഴ ജില്ലയിലെ അത്യാഹിത സർവീസായ 108 ആംബുലൻസ് സേവനം പൂർണമായും നിലച്ച അവസ്ഥയാണ്. ജനുവരി മാസത്തെ ശമ്പളം അഞ്ചാം തിയതിയാണ് ലഭിക്കേണ്ടത്.


തിരുവനന്തപുരം: ശമ്പളം ലഭിക്കാൻ വൈകിയതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിലെ കനിവ് 108 ആംബുലൻസ് ജീവനക്കാർ കൂട്ട അവധിയില്‍ പ്രവേശിച്ചു. ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചതോടെ ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്യുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാന്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്.  കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയായും കൊടുത്തില്ലെന്ന് ആരോപിച്ചാണ് ആലപ്പുഴ ജില്ലയിലെ കനിവ് 108 ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചത്. 

ചെങ്ങനൂർ സർക്കാർ ആശുപത്രിയിൽ നിന്ന് അടിയന്തിര ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഡോക്ടർമാർ റെഫർ ചെയ്ത ഗർഭിണിയായ യുവതിയെ കൊണ്ട് പോകുന്നതിനായി ആശുപത്രി അധികൃതർ 108 ആംബുലൻസിന്‍റെ സേവനം തേടിയിരുന്നു. എന്നാൽ ശമ്പളം ലഭിക്കാതിനാല്‍ അവധിയിലാണെന്നും സർവീസ് നടത്താൻ കഴിയില്ലെന്നും ആംബുലന്‍സ് ജീവനക്കാർ അറിയിച്ചതായി ആശുപത്രി അധികൃതർ പറയുന്നു.  

ഡ്രൈവർമാരും നഴ്‌സുമാരും കൂട്ട അവധിയെടുത്തതോടെ ആലപ്പുഴ ജില്ലയിലെ അത്യാഹിത സർവീസായ 108 ആംബുലൻസ് സേവനം പൂർണമായും നിലച്ച അവസ്ഥയാണ്. ജനുവരി മാസത്തെ ശമ്പളം അഞ്ചാം തിയതിയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇരുപതാം തിയതിയായിട്ടും ലഭിക്കാതായതോടെയാണ് ജീവനക്കാർ കൂട്ട അവധിയിലേക്ക് പ്രവേശിച്ചത്. ജീവനക്കാര്‍ ശമ്പളം ലഭിക്കാത്തതിനാല്‍ അവധിയിലാണെന്നും എന്നാല്‍ ഇത് സമരത്തിന്‍റെ ഭാഗമോ അസോസിയേഷനുമായി ബന്ധപ്പട്ടതോ അല്ലെന്നും കേരള 108 ആമ്പുലൻസ് എംപ്പോയിസ് യൂണിയൻ സിഐടിയു ആലപ്പുഴ ജില്ലാ സെക്രട്ടറി സജിൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പദ്ധതിയുടെ ഉത്തരവാദിത്വമുള്ള കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ നിന്ന് പദ്ധതി നടത്തിപ്പിന്‍റെ ഫണ്ട് മാസങ്ങളായി മുടങ്ങിയതാണ്‌ പ്രതിസന്ധികൾക്ക് കാരണമെന്നും ആരോപണമുണ്ട്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളുടെ നടത്തിപ്പ് തുക ഉൾപ്പടെ 50 കോടിയോളം രൂപ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ കരാർ കമ്പനിക്ക് നൽകാൻ കുടിശിക ഉണ്ടെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. 

സംഭവത്തിൽ പ്രതികരിക്കാൻ ബന്ധപ്പെട്ട അധികൃതർ ഇതുവരെ തയ്യാറിയിട്ടില്ല. മുമ്പ് പല തവണ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് ശമ്പളം വൈകുന്നതിൽ നടപടിയുണ്ടാകണമെന്ന് കാണിച്ച് ജീവനക്കാർ നിവേദനം നൽകിയിരുന്നുയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അവധിയെടുക്കാന്‍ തീരുമാനിച്ചതെന്ന് ജീവനക്കാരും പറയുന്നു. 

click me!