
പാലക്കാട്: തിങ്ങി നിറഞ്ഞ സെവൻസ് ഗാലറി, ഫ്‌ളഡ് ലൈറ്റ് വെളിച്ചം മൺമൈതാനത്തിന് നിറം നൽകിയപ്പോൾ വീറോടെ വാശിയോടെ രണ്ട് ടീമുകൾ കളിക്കളത്തിലേക്കിറങ്ങുന്നു. ടീമുകൾ ഗ്രൗണ്ട് തൊട്ടപ്പോൾ കയ്യടികളുയർന്നു. ''കളിക്കാരെ പരിജയപ്പെടാൻ പോകുന്നത് സൽമാൻ കുറ്റിക്കോട്'' കയ്യടികളിൽ നിന്ന് ആർപ്പുവിളികളിലേക്കും ജയ് വിളികളിലേക്കും ഗാലറിയെ നിമിഷ നേരംകൊണ്ട് എത്തിച്ച ആ അനൗൺസ്മെൻറിന് പിന്നിൽ നാടുമൊത്തം ചേർത്ത് നിർത്തിയ ഒരു ഭിന്നശേഷിക്കാരന്റെ കഥയുണ്ട്.
സൽമാൻ കുറ്റിക്കോട് എന്ന 32 കാരൻ, ജന്മനാ വൈകല്യമുള്ള ഈ യുവാവിനെ കട്ടക്ക് കൂടെ നിർത്തി സെലിബ്രിറ്റിയായി ഉയർത്തിയത് കൂട്ടുകാരായ അൻസാബും ഷറഫുവുമാണ്. ഇൻസ്റ്റഗ്രാം റീലിലൂടെ പരിചിതനായ സൽമാൻ വാരിക്കൂട്ടിയ ലൈക്കുകൾക്കും ഷെയറുകൾക്കും കണക്കില്ല. റീലുകൾ വൈറലായതോടെ താരപരിവേഷവും ലഭിച്ചു. നേരത്തെ സിനിമാ രംഗങ്ങൾ അനുഗരിക്കുന്ന വീഡിയോകളാണ് ചെയ്തിരുന്നത്. പിന്നാലെ ഫുട്‌ബോൾ വീഡിയോ ചെയ്യാൻ തുടങ്ങിയതോടെ റീലുകൾ കയ്യീന്ന് പോകുന്ന അവസ്ഥയായി.
ഇപ്പോൾ ഫുട്‌ബോൾ ടർഫുകളിലും കടകളിലും മറ്റും ഉദ്ഘാടകനായാണ് സൽമാനെത്തുന്നത്. കഴിഞ്ഞ ദിവസം ചെർപ്പുളശ്ശേരിയിലെ ടർഫ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാനെത്തിയ ഐ എം വിജയൻ സൽമാനെ ചേർത്ത് നിർത്തി മുത്തം കൊടുക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിൽ ൈവറലായിരുന്നു. കൂടെ ഒരു കുറിപ്പും '' മാറ്റി നിർത്തപ്പെടേണ്ടവരല്ല, ചേർത്ത് നിർത്തണം. കാൽപന്ത് ജീവനാണ് സൽമാന്, എനിക്ക് സൽമാനെയും അതുപോലെ തന്നെ''.
കൂട്ടുകാരാണ് സൽമാനെ സെലിബ്രിറ്റിയാക്കിയത്. നാട്ടിൽ നിന്ന് ടൂർ പോകുമ്പോഴും കളി കാണാൻ പോകുമ്പോഴുമെല്ലാം സൽമാനെ ഇവർ കൂടെ കൂട്ടും. ഒരു സാഹചര്യത്തിലും സൽമാനെ മാറ്റി നിർത്തിയിട്ടില്ല. നാട്ടുകാർ പറയുമ്പോലെ സൽമാൻ കളിക്കാത്ത ടീമില്ല. ഭാഗ്യതാരത്തിന് ജെഴ്‌സി സമ്മാനിച്ച് കളത്തിലിറക്കിയവരാണ് പല പ്രമുഖ സെവൻസ് ടീമുകളും. ഇനി ദുബൈയിലേക്ക് പറക്കാനൊരുങ്ങുകയാണ് ഈ മിടുക്കൻ. വൈകല്യത്തെ മനോധൈര്യം കൊണ്ടും ഇച്ഛാശക്തികൊണ്ടും തോൽപ്പിക്കാൻ കഴിയുമെന്ന് തെളയിച്ചിരിക്കുകയാണ് കുറ്റിക്കോട് പാറപ്പുറം വീട്ടിൽ മമ്മുട്ടി-ഫാത്തിമ ദമ്പതികളുടെ മകൻ സൽമാൻ കുറ്റിക്കോട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam