
കൈനകരി: കുട്ടനാട്ടിലെ ഏക്കറു കണക്കിന് നെൽപാടങ്ങളിൽ ഓര് വെള്ളം കയറി രണ്ടാം കൃഷി നാശത്തിന്റെ വക്കിൽ. പാടങ്ങളിലെല്ലാം നെല്ല് ചീഞ്ഞു തുടങ്ങി. അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വലിയ ദുരിതത്തിൽ ആകുമെന്ന് കുട്ടനാട്ടിലെ കർഷകർ പറയുന്നത്. കുട്ടനാട്ടിൽ ഇത്തവണ പല സമയങ്ങളിലായാണ് രണ്ടാം കൃഷി തുടങ്ങിയത്. കൈനകരി പഞ്ചായത്തിലെ 26 പാടങ്ങളും തകഴി, പുറക്കാട് തുടങ്ങി ഒൻപതു പഞ്ചായത്തുകളിലെ പാടശേഖരങ്ങളും ഓരുവെള്ള ഭീഷണിയിലാണ്.
തോട്ടപ്പള്ളി മുതൽ തണ്ണീർ മുക്കം വരെയുള്ള മേഖലയിലാണ് ഓരു വെള്ളം വ്യാപകമായി കയറി കൃഷിനാശം വിതച്ചിട്ടുള്ളതെന്നാണ് കർഷകനായ വേണു വിശദമാക്കുന്നത്. മുപ്പത് ദിവസം മാത്രമായ നെൽച്ചെടികൾ ചീയുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. അറുപത് ദിവസം പിന്നിട്ടാൽ മാത്രമാണ് വിളവെടുപ്പിനുള്ള സാധ്യത പോലുമുള്ളതെന്നും കർഷകർ പറയുന്നു.
പിആർഎസ് വായ്പ ഇപ്പോഴും കൃത്യമായി ലഭിക്കുന്നില്ല. കഴിഞ്ഞ രണ്ടാം നെല്ല് കൊയ്തതിന്റെ പണം പോലും കിട്ടാത്തവരും ഇവിടെയുണ്ടെന്നാണ് നെൽ കർഷകനായ ഐപ്പ് വർഗീസ് പ്രതികരിക്കുന്നത്. മണിരത്ന വിത്ത് ആണ് ഭൂരിഭാഗം പാടങ്ങളിലും രണ്ടാം കൃഷിക്ക് വിതച്ചത്. വേനൽച്ചൂടിനൊപ്പം ഉപ്പു കലർന്ന വെള്ളം കൂടി എത്തിയതോടെ വലിയ ആശങ്കയിലാണ് കർഷകരുള്ളത്. തണ്ണീർമുക്കം ബണ്ടിലൂടെയും തോട്ടപ്പള്ളി സ്പിൽവേയിലൂടെയുമാണ് പ്രധാനമായും ഓര് വെള്ളം കയറുന്നത്. ഷട്ടറുകൾ യഥാസമയം റെഗുലേറ്റ് ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓര്മുട്ട്കൾ ബലപ്പെടുത്താൻ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.