തൃശൂർ അന്തിക്കാട് ജനവാസമേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന പന്നി ഫാം അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. രൂക്ഷമായ ദുർഗന്ധവും മാലിന്യപ്രശ്നങ്ങളും കാരണം 35 വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് 15 ദിവസത്തിനകം ഫാം പൂട്ടാൻ നിർദ്ദേശിച്ചത്.

തൃശൂർ : അന്തിക്കാട് മുറ്റിച്ചൂർ കുറ്റിമാവ് സെന്റർ സമീപത്തെ പന്നി ഫാം അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. ജനവാസമേഖലയായ കൂടോത്ത് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പന്നി ഫാം അടച്ച് പൂട്ടാനാണ് നോട്ടീസ് നൽകിയത്. അന്തിക്കാട് പഞ്ചായത്തിലെ 13-ാം വാർഡിൽ തണ്ട്യായ്ക്കൽ മിഥുന്റെ ഉടമസ്ഥതിയിലുള്ള പന്നിഫാമാണിത്. 15 ദിവസത്തിനുള്ളിൽ അടച്ച് പൂട്ടണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ലൈസൻസ്, മാലിന്യസംസ്കരണം, മെഡിക്കൽ പരിശോധന എന്നിവയില്ലാതെയാണ് പന്നിഫാം നടത്തിയിരുന്നതെന്ന് കണ്ടെത്തി. പരിശോധന സമയത്ത് ഫാമിൽ 37 പന്നികൾ ഉണ്ടായിരുന്നു.

പരിസരമാകെ രൂക്ഷമായ ദുർഗന്ധവും പരന്ന സ്ഥിതിയിലായിരുന്നു. പന്നികൾക്കുള്ള ഭക്ഷണാവിശിഷ്ട്‌ടങ്ങൾ തുറന്നു വച്ചതു മൂലം കാക്കകളും തെരുവ് നായ്ക്കളുടെയും ശല്യവും രൂക്ഷമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ജനജീവിതം ദുസ്സഹമായതിനെ തുടർന്ന് 35 വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് അധികൃതർ പരിശോധനക്കെത്തിയത്. രാഷ്ട്രീയ ഇടപെടൽ മൂലം നേരത്തെ അടച്ച് പൂട്ടിയ പന്നിഫാം ഏതാനും മാസം മുൻപ് അനധികൃതമായി തുറന്ന് പ്രവർത്തിക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.ബി.ബിനോയ്, അശ്വതി സിദ്ധാർത്ഥൻ, പഞ്ചായത്ത് ക്ലാർക്ക് ബിനിഷ എന്നിവർ നേതൃത്വം നൽകി.