
ഹരിപ്പാട്: നാട്ടുകാരുടെ കനിവ് തേടി വീയപുരം -ഇരതോട് നിരണം കിഴക്ക് സ്വദേശി വി എസ് സാംബശിവൻ. നാല് വർഷവും നാല് മാസവുമായി സാംബശിവൻ ഈ ദുരിതം പേറാൻ തുടങ്ങിയിട്ട്. അയൽവാസിയുടെ ആവശ്യപ്രകാരം തേങ്ങയിട്ടു കൊടുക്കാൻ തെങ്ങിൽ കയറിയത് മാത്രം ഓർമ്മയുണ്ട് സാംബശിവന്, ഓർമ്മ വന്നപ്പോൾ ആശുപത്രി കിടക്കയിലാണ്. തേങ്ങ ഇടുന്നതിനിടയിൽ കാൽ വഴുതിവീണ് നട്ടെല്ല് തകർന്നു പോയി, ഇരുകൈകളും ഒടിഞ്ഞു തൂങ്ങി. ഓപ്പറേഷൻ നടത്തി സ്റ്റീൽ റാഡുകൾ നട്ടും ബോൾട്ടും ഇട്ട് മുറുക്കി എഴുന്നേറ്റ് നടക്കാൻ തുടങ്ങി. എന്നാൽ കാലപ്പഴക്കത്താൽ നട്ടും ബോൾട്ടും ലൂസായി. ഇനി ശസ്ത്രക്രിയ നടത്തിയാലേ സാംബശിവന് കിടന്നുറങ്ങുവാൻ സാധിക്കൂ. നേരേ ചൊവ്വേ ഒന്നു കിടന്നുറങ്ങിയിട്ട് ഒമ്പത് മാസമായി. അസഹ്യമായ വേദനയും.
മുൻ തമിഴ്‌നാട് ഗവർണ്ണർ ഡോ. പി സി അലക്സാണ്ടറുടെ വീട്ടുജോലിക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ 23 സെന്റ് സ്ഥലമുണ്ടായിരുന്നു. ആ സ്ഥലം 40 ലക്ഷം രൂപയ്ക്ക് വിറ്റിട്ട് ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയി. ഇദ്ദേഹത്തിന്റെ മാതാവിന്റെ പേരിൽ കുടികിടപ്പ് കിട്ടിയ 8 സെന്റ് സ്ഥലത്തുള്ള ഒരു പഴയ ഷെഡ്ഡിലായിരുന്നു പിന്നീട് താമസം. പ്രളയകാലത്ത് വെള്ളം കയറി നശിച്ചതിനാൽ അവിടുത്തെ താമസം ശരിയാകാതെ വന്നു. ഇതിനെ തുടർന്ന് ഇദ്ദേഹത്തോട് അലിവു തോന്നിയ സ്ഥലത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർ കവുങ്ങും മുളയും പഴയ ഫ്ലക്സ് ബോർഡും പ്ലാസ്റ്റിക് ഷീറ്റുമുപയോഗിച്ച് ഇരതോട് പാലത്തിന് സമീപം റോഡരികിൽ കെട്ടിക്കൊടുത്ത ഷെഡ്ഡിലാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ താമസം.
സ്വന്തം പേരിൽ സ്ഥലമില്ലാത്തതിനാലും റേഷൻ കാർഡില്ലാത്തതിനാലും ലൈഫ് പദ്ധതിയിൽപ്പോലും ഉൾപ്പെടാൻ കഴിഞ്ഞിട്ടില്ല. ക്ഷേമ പെൻഷനും ആരോഗ്യ ഇൻഷുറൻസും ലഭിക്കുന്നില്ല. അയൽവാസികൾ ആരെങ്കിലും പൈസ കടം കൊടുത്ത് ഒന്നോ രണ്ടോ കിലോ കപ്പലണ്ടി വാങ്ങിക്കൊടുക്കും. താമസം റോഡരികിലായതിനാൽ താമസിക്കുന്ന ഷെഡ്ഡ് തന്നെയാണ് കട. ഇവിടെ വെച്ച് മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ച് കപ്പലണ്ടി വറുത്ത് വിൽക്കും. ഇതിൽ നിന്ന് കിട്ടുന്ന തുകയിൽ നിന്ന് കടം വാങ്ങിച്ച തുക തിരികെ കൊടുക്കും. ബാക്കിയെടുത്ത് നിത്യവൃത്തി നടത്തിക്കൊണ്ടിരിക്കെയാണ് കൊറോണയെത്തിയത്. എല്ലാവരുടേയും പോലെ സദാശിവന്റെയും അന്നം കൊറോണ മുട്ടിച്ചു. സ്വന്തമായി ഒരു കിടപ്പാടം സാംബശിവന്റെ സ്വപ്നമാണ്.
ഫോൺ: 9947106133, കാനറാബാങ്ക് വീയപുരം അക്കൗണ്ട് നമ്പർ: 35341080 01218. ഐഎഫ്എസ്‌സി കോഡ് CNRB0005841
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam