പട്ടർകടവിലെ ശംസുദ്ധീന്റെ ബോട്ട് കരയിലും വെള്ളത്തിലും ഓടും

By Web TeamFirst Published Aug 5, 2020, 8:48 PM IST
Highlights

മലപ്പുറം പട്ടർക്കടവിലെ ചോലപറമ്പ് വീട്ടിൽ ശംസുദ്ദീൻ ഒരു ബോട്ട് നിർമിച്ചു, വെള്ളത്തിൽ മാത്രമല്ല, കരയിലും ഓടുന്ന ഒരു ബോട്ട്. 

മലപ്പുറം: മലപ്പുറം പട്ടർക്കടവിലെ ചോലപറമ്പ് വീട്ടിൽ ശംസുദ്ദീൻ ഒരു ബോട്ട് നിർമിച്ചു, വെള്ളത്തിൽ മാത്രമല്ല, കരയിലും ഓടുന്ന ഒരു ബോട്ട്. കാലവർഷമായതോടെ പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായാണ്  ഇലക്ട്രീഷൻ കൂടിയായ ശംസുദ്ധീൻ മൾട്ടി പ്ലൈവുഡിൽ ബോട്ട് നിർമിച്ചത്. 

ഉള്ളിലും പുറത്തും ഫൈബർ കോട്ടിംഗുമുണ്ട്. ഒരാഴ്ച കൊണ്ടാണ് ബോട്ടിന്റെ നിർമാണം പൂർത്തിയാക്കിയത്. തുടർന്ന് ഈമാസം ഒന്നാം തീയതി കടലുണ്ടിപുഴയിൽ പരീക്ഷണ ഓട്ടം നടത്തി വിജയിക്കുകയും ചെയ്തു. വെള്ളത്തിലേതുപോലെ കരയിലും സഞ്ചരിക്കാനായി പ്രത്യേക ചക്രങ്ങൾ ഘടിപ്പിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയും പ്രളയത്തിൽ കഷ്ടപ്പാടുകൾ നേരിട്ടതോടെയാണ് സ്വന്തമായി ബോട്ടെന്ന ആശയം ഉദിച്ചത്.

 പിന്നീട് ഇക്കഴിഞ്ഞ ജൂലൈ 15ന് ആദ്യ ഉദ്യമമായി പരീക്ഷണാടിസ്ഥാനത്തിൽ ബോട്ട് ഒരുക്കി. വെള്ളത്തിൽ സഞ്ചരിക്കാനായി മോട്ടോർ എൻജിനും മഴ നനയാതിരിക്കാൻ റൂഫും സോളാർ സംവിധാനവും അടക്കം ഉൾപ്പെട്ടതാണ് ബോട്ട്. ഏകദേശം 30,000 രൂപയോളം ചെലവ് വന്നിട്ടുണ്ട്. നേരത്തെ സൗദിയിൽ ആശാരിപ്പണി ചെയ്ത പരിചയവും ഇതിന് തുണയായി.

click me!