റിസോർട്ട് നിറയെ ടൂറിസ്റ്റുകൾ; എന്നിട്ടും വിദ​ഗ്ധമായി ചന്ദനമരം മോഷ്ടിച്ചു, നഷ്ടം അഞ്ച് ല​ക്ഷം

By Web TeamFirst Published Jan 9, 2022, 1:13 PM IST
Highlights

കഴിഞ്ഞ ദിവസം കൂടവയല്‍ കമലമ്മയുടെ പരിസരത്ത് നിന്നിരുന്ന ചന്ദനത്തിന്റെ ശിഖരങ്ങള്‍ മോഷണം പോയത് സംബന്ധിച്ച് വനപാലകര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് വീണ്ടും സമാനമായ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

മൂന്നാർ: മറയൂരില്‍ വീണ്ടും ചന്ദന മോഷണം (Sandal Wood Theft) വ്യാപകമാകുന്നു. സ്വകാര്യ റിസോര്‍ട്ടില്‍ (Private Resort) നിന്ന് രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയി. നാല്‍പ്പതോളം സന്ദര്‍ശകര്‍ റിസോര്‍ട്ടില്‍ താമസിക്കുന്നതിനിടെയാണ് മോഷണം നടന്നത്. സംഭവത്തില്‍ വനപാലകര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂടവയല്‍ കമലമ്മയുടെ പരിസരത്ത് നിന്നിരുന്ന ചന്ദനത്തിന്റെ ശിഖരങ്ങള്‍ മോഷണം പോയത് സംബന്ധിച്ച് വനപാലകര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് വീണ്ടും സമാനമായ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മറയൂര്‍ ടൗണിലെ ചന്ദന ഗ്രൂപ്പിന്റെ അനക്‌സ് റിസോര്‍ട്ടിന്റെ അകത്തുനിന്നിരുന്ന രണ്ട് ചന്ദനമരങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. രാത്രി 12 മണി വരെ റിസോര്‍ട്ടിലെത്തിയ സഞ്ചാരികള്‍ വിവിധ കലാപരിപാടികള്‍ നടത്തിയിരുന്നു. ഇവർ ഉറങ്ങിയ ശേഷമായിരിക്കും മോഷണം നടന്നതെന്നാണ് ഉടമകള്‍ പറഞ്ഞു. ഏകദേശം അഞ്ച് ലക്ഷം രുപയുടെ ചന്ദനമാണ് മോഷണം പോയിരിക്കുന്നത്.

സംഭവം വനപാലകര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് വീണ്ടും ചന്ദനമരങ്ങള്‍ മറയൂരില്‍ നിന്നും വ്യാപകമായി മോഷണം പോകാൻ തുടങ്ങിയത്. കഴിഞ്ഞ ആഴ്ച കാരയൂരിലെ സ്വകാര്യ ഭൂമിയില്‍ നിന്നും ചന്ദനമരം കടത്തിയ കേസില്‍ രമേശിനെ കാറുമായി വനപാലകര്‍ പിടികൂടിയിരുന്നു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി ഒളിവിലാണ്. 

ബൈക്കിലെത്തിയ മോഷ്ടാവ് യുവതിയുടെ അഞ്ചര പവന്‍ മാല പൊട്ടിച്ചെടുത്തു

ബൈക്കിലെത്തിയ മോഷ്ടാവ് യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചരപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞു. എലിയാവൂര്‍ കുണ്ടയത്തുകോണം കിഴക്കേക്കര പുത്തന്‍വീട്ടില്‍ ജി സൗമ്യയുടെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. കുളപ്പട എല്‍ പി സ്‌കൂളില്‍ നിന്ന് പിടിഎ യോഗം കഴിഞ്ഞ് മടങ്ങവെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. സൗമ്യയുടെ എതിര്‍ ദിശയില്‍ ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മാല മോഷ്ടിച്ചതിന് ശേഷം തന്നെ തള്ളിയിട്ടെന്നും സൗമ്യ പറഞ്ഞു. രക്ഷിക്കാനായി നിലവിളിച്ചെങ്കിലും ആരും എത്തിയില്ലെന്നും സൗമ്യ പറഞ്ഞു.

click me!