'പെല്‍വിന്‍ സഹായിച്ചു'; 15 ലക്ഷം രൂപയുടെ ചന്ദനത്തടികള്‍ പിടികൂടി

Published : Oct 21, 2021, 04:46 PM IST
'പെല്‍വിന്‍ സഹായിച്ചു'; 15 ലക്ഷം രൂപയുടെ ചന്ദനത്തടികള്‍ പിടികൂടി

Synopsis

ചന്ദനമോഷ്ടാക്കളെ തിരിച്ചറിയാന്‍ സഹായിച്ചത് മറയൂര്‍ ഡോഗ് സ്‌ക്വാഡിലെ പെല്‍വിനാണ്. മുറിച്ചിട്ട ചന്ദനക്കഷണങ്ങളില്‍നിന്ന് മണംപിടിച്ച പെല്‍വിന്‍ 200മീറ്റര്‍ അകലെയുള്ള പാളപ്പെട്ടിക്കുടിയിലെ ചിന്നകുപ്പന്റെ പൂട്ടിക്കിടന്ന വീട്ടില്‍ എത്തി.  

മറയൂര്‍: ചിന്നാര്‍ (Chinnar wild life sanctuary) വന്യജീവി സങ്കേതത്തിനുള്ളില്‍നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനത്തടികള്‍(Sandal wood)  കടത്താനുള്ള മോഷ്ടാക്കളുടെ ശ്രമം ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥര്‍ (Forest gurads)  പരാജയപ്പെടുത്തി. ഡോഗ് സ്‌ക്വാഡിലെ (Dog squad) പെല്‍വിന്‍ (Pelvin) എന്ന നായയുടെ സഹായത്തോടെയാണ് മോഷ്ടാക്കളുടെ ശ്രമം തകര്‍ത്തത്.  സങ്കേതത്തിനുള്ളില്‍ പാളപ്പെട്ടി ഗോത്രവര്‍ഗ കോളനിക്ക് സമീപം ഇണ്ടന്‍കാടില്‍നിന്നുമാണ് 82 സെന്റിമീറ്റര്‍ വണ്ണമുള്ള വലിയ ചന്ദനമരം തിങ്കളാഴ്ച പുലര്‍ച്ചെ മോഷ്ടാക്കള്‍ മുറിച്ചുവീഴ്ത്തിയത്. കഷണങ്ങളാക്കവേ സമീപത്ത് ചന്ദനക്കാവലിന് നിയോഗിക്കപ്പെട്ട വാച്ചര്‍മാരെ കണ്ട് പ്രതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. 

ചൊവ്വാഴ്ച നാച്ചിവയല്‍ ഡോഗ് സ്‌ക്വാഡംഗം പെല്‍വിനെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി.
മുറിച്ച ചന്ദനക്കഷണങ്ങള്‍ കരിമൂട്ടി ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചു. ചന്ദനം മുറിച്ചുകടത്തിയ പാളപ്പെട്ടി സ്വദേശികളായ ചിന്നകുപ്പന്‍, ബിനുകുമാര്‍, പേരറിയാത്ത ഒരാള്‍ എന്നിവരെ വനം വകുപ്പ് അധികൃതര്‍ തിരയുകയാണ്. ഇവരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ഇത് രണ്ടാം തവണയാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍നിന്ന് ചന്ദനത്തടി കടത്താനുള്ള ശ്രമം പരാജയപ്പെടുത്തുന്നത്.

ചിന്നാര്‍ അസി. വാര്‍ഡന്‍ നിതിന്‍ ലാല്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ മുത്തുകുമാര്‍ കെ.എസ്, എം.കെ. അനില്‍കുമാര്‍, ഡബ്‌ള്യു.വിനോദ്, വിപിന്‍ മോഹന്‍, അബ്ദുള്‍ റസാഖ്, ഗിരിജയന്‍, രാജന്‍, സെല്‍വരാജ്, മാരിയപ്പന്‍, മുരുകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തൊണ്ടി കണ്ടെടുത്ത് അന്വേഷണം നടത്തിവരുന്നത്. 


ചന്ദനമോഷ്ടാക്കളെ തിരിച്ചറിയാന്‍ സഹായിച്ചത് മറയൂര്‍ ഡോഗ് സ്‌ക്വാഡിലെ പെല്‍വിനാണ്. മുറിച്ചിട്ട ചന്ദനക്കഷണങ്ങളില്‍നിന്ന് മണംപിടിച്ച പെല്‍വിന്‍ 200മീറ്റര്‍ അകലെയുള്ള പാളപ്പെട്ടിക്കുടിയിലെ ചിന്നകുപ്പന്റെ പൂട്ടിക്കിടന്ന വീട്ടില്‍ എത്തി. അന്വേഷണം നടത്തിയപ്പോള്‍ മറ്റ് രണ്ടുപേര്‍ കൂടി ചിന്നകുപ്പന്റെ വീട്ടില്‍ സംഭവ ദിവസം ഉണ്ടായിരുന്നതായി കണ്ടെത്തി. മൂന്നുപേരും ഇപ്പോള്‍ ഒളിവിലാണ്. മുമ്പും ചന്ദനമോഷണക്കേസുകളില്‍ തെളിവുകള്‍ കാണിച്ചുകൊടുക്കുന്നതില്‍ ബെല്‍ജിയം ഷെപ്പേഡ് വിഭാഗത്തില്‍പ്പെടുന്ന ആറുവയസ്സുള്ള പെല്‍വിന്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
 

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം