
മറയൂര്‍: ചന്ദനം മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ ഒരാൾ പിടിയിൽ. കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു. തമിഴ്നാട് സേലം കര്‍മ്മദുരൈ സ്വദേശി ആറുമുഖം (52) ആണ് വനം വകുപ്പിന്‍റെ പിടിയിലായത്. രാത്രി മുഴുവന്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തമിഴ്നാട് സ്വദേശികളായ ഒരാളെ വനം വകുപ്പു അധികൃതര്‍ പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ബന്ധുവായ സേലം കര്‍മദുരൈ സ്വദേശി ഇളയരാജയാണ് ഓടി രക്ഷപ്പെട്ടത്. ഇരുവരും ചേര്‍ന്നാണ് ചന്ദന മരം മുറിച്ചു കടത്താന്‍ ശ്രമിച്ചത്.
ഞായറാഴ്ച രാത്രി ഏഴിന് ആലാംപെട്ടി എക്കോ ഷോപ്പിന് താഴെ ചന്ദന മരം മുറിച്ച് പീസാക്കുന്നത് കരിമുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റോന്ത് ചുറ്റുന്നതിനിടെ കണ്ടു. ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ചിന്നാര്‍ കാട്ടിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. വനം വകുപ്പ് അധികൃതര്‍ റോഡിലൂടെ തിരച്ചില്‍ നടത്തി വരവെ എസ് വളവ് എത്തിയപ്പോള്‍ ഇവരെ വീണ്ടും കണ്ടു. അവിടെ നിന്നും ഓടി രക്ഷപ്പെട്ട ഇവരെ രാത്രി 11 ഓടെ കോമ്പനോട പാലത്തിന് സമീപം വീണ്ടും കണ്ടു.
വനപാലകരെ കണ്ടയുടന്‍ ഇരുവരും വെള്ളത്തിലേയ്ക്ക് എടുത്തു ചാടി. ഇളയരാജ വെള്ളത്തില്‍ നീന്തി മറുകരയ്ക്ക് കയറി രക്ഷപ്പെട്ടു. ആറുമുഖം പുഴയുടെ മധ്യത്തില്‍ ഒരു ചെടിയില്‍ തൂങ്ങിപ്പിടിച്ചു കിടന്നു. വെള്ളത്തില്‍ മുതലയുള്ളതിനാല്‍ വനം വകുപ്പു അധികൃതര്‍ വെള്ളത്തില്‍ ഇറങ്ങിയില്ല. തമിഴ്നാട്ടിലെ ഉടുമല്‍പ്പേട്ട റേയ്ഞ്ച് ഓഫിസറെ വിവരം അറിയിച്ചു. അഗ്‌നിശമന സേനാംഗങ്ങളുടെ സഹായത്തോടെ പുലര്‍ച്ചെ മൂന്നു മണിയോടെ ആറുമുഖത്തെ പിടികൂടി കരയ്ക്കെത്തിച്ചു. മുറിച്ചു കടത്താന്‍ ശ്രമിച്ച മുഴുവന്‍ ചന്ദനവും കണ്ടെടുത്തു.
സിവില്‍ ഫോറസ്റ്റ് ഓഫീസര്‍ കെ വി വിനോദിന്റെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജി മനോജ്, അംജിത് മോഹന്‍, കെ എസ്. വിഷ്ണു, വാച്ചര്‍ എന്നിവരങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.