
ചേർത്തല: ചേർത്തല നഗരത്തിലെ ഡോക്ടർ ദമ്പതിമാരിൽ നിന്നും 7.5 കോടി തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളിൽ ഒരാളായ ഉത്തരാഖണ്ഡ് സ്വദേശി പിടിയിൽ. ചേർത്തല പൊലീസ് സ്റ്റേഷനിലെ ഓൺലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തായ് വാൻ സ്വദേശികൾ പിടിയിലായിരുന്നു. ഇവരുടെ അടുത്ത ഇടപാട് കാരനായ ഉത്തരാഖണ്ഡ് ബാഗേശ്വർ സ്വദേശി വിവേക് സിങ് പപോല യാണ് പിടിയിലായത്. ചൈനീസ്-നേപ്പാൾ അതിർത്തി പങ്കിടുന്ന പിത്തോറ ഗഡിൽ പ്രതികൂല കാലാവസ്ഥയിലും മലയിടിച്ചിൽ നേരിടുന്ന സ്ഥലത്തും നിന്നാണ് പ്രതിയെ പിടി കൂടിയത്. കേസിൽ വിദേശികൾ അടക്കം 13 പേർ നേരത്തെ പിടിയിലായിട്ടുണ്ട്. ഓഹരി വിപണിയിൽ നിന്ന് വൻ ലാഭം വാഗ്ദാനം ചെയ്താണ് കഴിഞ്ഞ ജൂണിൽ വൻ തട്ടിപ്പ് നടന്നത്. ചൈന കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിൽ രണ്ട് ചൈനീസ് പൗരന്മാരും പ്രതികളാണ്.
തായ്വാനിൽ താമസിക്കുന്ന രണ്ട് ചൈനീസ് പൗരന്മാരെ കേസിൽ ഗുജറാത്ത് പൊലീസ് പിടികൂടി കേരള പൊലീസിന് കൈമാറിയിരുന്നു. 20 തവണയായാണ് പ്രതികള്‍ ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് തട്ടിയെടുത്തത്. തങ്ങള്‍ തട്ടിപ്പിനിരയായെന്ന് മനസിലായതിന് പിന്നാലെ ദമ്പതികള്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡിവൈ എസ്‌പി എം എസ് സന്തോഷ്, ചേർത്തല എഎസ്‌പി ഹരീഷ് ജയിൻ, എസ് ഐ മാരായ ആർ മോഹൻ കുമാർ, അഗസ്റ്റ്യൻ വർഗ്ഗീസ്, എ സുധീർ, എ എസ്ഐ വി വി വിനോദ്, സി പി ഒ മാരായ ജി രജ്ജിത്ത്, ആന്റണി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടി കൂടിയത്. ഉത്തരഖണ്ഡ് പിത്തോറ ഗഡ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് പ്രതിയെ കേരളത്തിലേയ്ക്ക് കൊണ്ടുവന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam