
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ തനിക്കെതിരെ കേസെടുത്താൽ നേരിടുമെന്ന് സന്ദീപ് വാര്യർ. നിയമപരമായും രാഷ്ട്രീയമായും നേരിടും. യുവതിയുടെ പേര് ആദ്യം വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ നേതാവാണ്. തനിക്ക് എതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും സന്ദീപ് വാര്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.ക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷമാണ് സൈബർ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താനും അപമാനിക്കാനും ശ്രമിച്ചുവെന്നതാണ് രാഹുൽ ഈശ്വറിനെതിരായ പ്രധാന പരാതി.
യുവതിയുടെ ഫോട്ടോകളും വിഡിയോകളും അപകീർത്തികരമായി പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. രാഹുൽ ഈശ്വർ ഉൾപ്പെടെ നാല് പേരുടെ സമൂഹമാധ്യമങ്ങളിലെ വിവരങ്ങളാണ് പരാതിക്കാരി പോലീസിന് കൈമാറിയത്.
ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപെന്ന് കണ്ടെത്തൽ. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർടേക്കറിൽ നിന്ന് വിവരങ്ങൾ തേടും. ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. രാഹുൽ അവസാനം ഫ്ലാറ്റിൽ എത്തിയത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ഫസലിനെ ഇന്ന് ചോദ്യം ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തും.