
പാലക്കാട്: സിംഗപ്പൂർ, യുകെ, പോളണ്ട് എന്നിവിടങ്ങളിലേക്ക് ജോലിയും വിസയും വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് 36.19 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം കണ്ടൻകാളിപ്പൊറ്റ വിഷ്ണുരാജാണ് (29) അറസ്റ്റിലായത്. വടക്കഞ്ചേരിയിൽ ആരംഭിച്ച കൺട്രോൾ യെസ് എൽഎൽപി എന്ന സ്ഥാപനം മുഖാന്തരം 2019 മുതൽ വിഷ്ണുരാജ് തട്ടിപ്പ് നടത്തിവരികയായിരുന്നെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു. തൃശ്ശൂർ, കോട്ടയം, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവർ. പണം ലഭിക്കാതെ ആളുകൾ പരാതിയുമായി എത്തുമ്പോൾ വിഷ്ണുരാജ് ഒളിവിൽ പോവുകയും മുൻകൂർജാമ്യം എടുക്കുകയും ചെയ്തിരുന്നതിനാൽ പൊലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
ഏറ്റവും ഒടുവിൽ പാലക്കാട് പുലാപ്പൊറ്റ സ്വദേശി സന്ദീപ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് വിഷ്ണുരാജ് അറസ്റ്റിലായത്. യുകെയിൽ വിസ വാഗ്ദാനം ചെയ്ത് സന്ദീപിൽ നിന്ന് 7.62 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പിനിരയായവർ പലപ്പോഴായാണ് പണം നൽകിയത്. വിസ ലഭിക്കാതായതോടെ എല്ലാവരും പണം തിരികെ ആവശ്യപ്പെട്ടു. പല അവധികൾ പറഞ്ഞെങ്കിലും പണം കിട്ടാതായതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. ഒരു വർഷം മുമ്പ് വടക്കഞ്ചേരിയിലെ സ്ഥാപനവും പൂട്ടി. സ്ഥാപനത്തിന് ലൈസൻസുണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ഇതിനിടെ വിഷ്ണുരാജ് ദില്ലിയിൽ ഫ്‌ളാറ്റ് വാങ്ങിയതായും സമീപത്ത് താമസിച്ചിരുന്ന ആളിൽ നിന്നും പണം തട്ടിയെടുത്തതായി വിവരങ്ങളുണ്ട്.
വടക്കഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ.പി.ബെന്നി, എസ്‌ഐ പി.സി.സനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വിഷ്ണുരാജിനെ അറസ്റ്റ് ചെയ്തത്. ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പണം തട്ടിപ്പിന്റെ പേരിൽ വടക്കഞ്ചേരി, കസബ സ്‌റ്റേഷനുകളിൽ വിഷ്ണുരാജിനെതിരെ അഞ്ച് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിഷ്ണുരാജ് അറസ്റ്റിനെത്തുടർന്ന് തട്ടിപ്പാണെന്ന് വ്യക്തമായതോടെ കൂടുതൽ പേർ പരാതിയുമായി എത്തിയേക്കുമെന്നാണ് സൂചന.
വിഷ്ണുരാജിന്റെ ഉടമസ്ഥതയിലുള്ള കൺട്രോൾ എസ് എൽ എൽ പി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ നവാസിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ആലത്തൂർ പൊലീസ് സ്‌റ്റേഷനിൽ വിഷ്ണുരാജിനെതിരെ കേസുണ്ട്. 2024 ഫെബ്രുവരിയിലാണ് സംഭവം. ആലത്തൂരിൽ വെച്ച് നവാസിനെ ബലമായി പിടിച്ച് കാറിൽ കയറ്റുകയും അഞ്ചുമൂർത്തിമംഗലത്തെ വീട്ടിലെത്തിച്ച് മർദിച്ചതുമാണ് കേസ്. സ്ഥാനത്തെപ്പറ്റി മോശമായി പറഞ്ഞു നടക്കുന്നുവെന്നാരോപിച്ചായിരുന്നു നവാസിനെ തട്ടിക്കൊണ്ടുകൊണ്ടു പോയി മർദിച്ചത്.
വിഷ്ണുരാജ് കോയമ്പത്തൂർ ശരവണംപെട്ടിയിൽ ലൊക്കേഷ്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു കൺസൾട്ടൻസി സ്ഥാപനം തുടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.