
കൊല്ലം: എങ്ങനെ ജീവിക്കുമെന്ന ആശങ്കകൾക്കിടയിലും ചിരിച്ചുകൊണ്ട് പ്രതിസന്ധികളെ നേരിടുന്ന ചിലരുണ്ട്. അങ്ങനെയൊരാളെ പരിചയപ്പെട്ടു റോവിങ് റിപ്പോർട്ടർ പരമ്പരക്കിറങ്ങിയ ഞങ്ങളുടെ പ്രതിനിധികൾ. മലയാളികൾക്കിപ്പോൾ ഏറ്റവും പ്രതീക്ഷ നൽകുന്നത് സർക്കാരോ, ദൈവങ്ങളോ, ഒന്നുമല്ല, ലോട്ടറിയാണ്. ജീവിതം തന്നെയൊരു ഭാഗ്യപരീക്ഷണമായി മാറുമ്പോളത് സ്വാഭാവികം മാത്രമാകും. യാത്രക്കിടെ കൊല്ലത്ത് ദേശീയപാതയിൽ നട്ടവെയിലത്തിരുന്ന് ലോട്ടറി വിൽക്കുന്നൊരു ചേച്ചിയെ കണ്ടു. മിണ്ടിത്തുടങ്ങിയപ്പോൾ ശശികലച്ചേച്ചി ന്യൂസ് സംഘത്തേക്കൂടി ചിരിപ്പിച്ചു.
വർഷങ്ങളുടെ പരിചയമുള്ളത് പോലെ സ്നേഹസൗഹൃദങ്ങൾ പൊട്ടിച്ചിതറിയ പോലൊരു ചിരി. ശശികലയല്ലിത്, ശരിക്കും ചന്ദ്രക്കല. ശശികലച്ചേച്ചിക്കും പ്രശ്നങ്ങളൊക്കെയുണ്ട്. ലോട്ടറി പോലെ ഭാഗ്യപരീക്ഷണമാണ് അതിന്റെ കച്ചവടവും. 30 ടിക്കറ്റ് എടുക്കുമ്പോ 1005 രൂപ കൊടുക്കണം. അത് വിറ്റെടുക്കുമ്പോ 195 രൂപ കിട്ടും. 195 രൂപ കൊണ്ട് കാര്യങ്ങള്‍ ഒന്നും നടക്കില്ല. എന്നാലും പാല്, ദോശ മാവ്, ചപ്പാത്തി തുടങ്ങിയ കുറച്ച് സാധനങ്ങളൊക്കെ കിട്ടും. സാധനങ്ങള്‍ക്കൊക്കെ ഭയങ്കര വിലയാണ്. വിലക്കയറ്റം എല്ലാവര്ക്കും ഒരുപോലെ ബാധിക്കുമല്ലോ. ക്ഷേമ പെന്‍ഷനോ മറ്റ് സഹായങ്ങളോ ഒന്നും ഇല്ല. പത്ത് രൂപ പോലും കയ്യില്‍ ഇല്ലാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ശശികല പറയുന്നു. നേരത്തെ കശുവണ്ടി കമ്പനിയിലായിരുന്നു ജോലിയെന്നും ഇവര്‍ പറയുന്നു. വല്ലോര്‍ടെ അടുത്തൊക്കെ ചോദിക്കുന്നത് അഭിമാനത്തിന് കേടാണ്.
തുച്ഛവരുമാനത്തിലെ ജീവിതവും.വരാനിരിക്കുന്ന വിലക്കയറ്റത്തെക്കുറിച്ചൊന്നും പറഞ്ഞില്ലെങ്കിലും പാവത്തുങ്ങളെക്കൂടി ഗൗനിക്കണം സാറുമ്മാരെയെന്ന് സർക്കാരിനോട് കൃത്യമായി പറഞ്ഞു ശശികല. ആറ് മാസമായി ലോട്ടറി കച്ചവടത്തിലേക്ക് ഇറങ്ങിയിട്ട്. ഇതിനിടയ്ക്ക് ഇവിടെ വിറ്റ ലോട്ടറി ടിക്കറ്റിന് പത്ത് ലക്ഷം രൂപ സമ്മാനവും ലഭിച്ചിരുന്നു. വിറ്റ ടിക്കറ്റിന് ലോട്ടറിയടിച്ചപ്പോൾ കിട്ടിയ കമ്മീഷൻ ചെലവഴിച്ച കഥ കൂടി പറഞ്ഞു ശശികല. തൊണ്ണൂറായിരം രൂപയാണ് കമ്മീഷനായി ലഭിച്ചത്. ബാങ്കില്‍ പണയത്തിലിരുന്ന പ്രമാണം എടുത്തു. ശബരിമലയ്ക്ക് പോയി ബാക്കി വന്ന തുകയ്ക്ക് ഒരു കമ്മലും ഒരു മോതിരവും മേടിച്ചെന്ന് വിശദമാക്കി ശശികല.