സര്‍ എന്ന് വിളിക്കേണ്ട; പേരിനൊപ്പം മിസ്റ്ററോ ടീച്ചറോ ചേര്‍ക്കാം, വ്യത്യസ്തനായൊരു പ്രഫസര്‍

By Web TeamFirst Published Sep 8, 2021, 11:01 AM IST
Highlights

പലര്‍ക്കും അത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ചിലര്‍ ക്ലാസിന് ശേഷം സന്ദേശം അയക്കുമ്പോള്‍ താങ്ക് യൂ പ്രഫസര്‍, താങ്ക് യൂ മിസ്റ്റര്‍ അജിസ് എന്നെക്കെ ഇപ്പോള്‍ കുറിക്കുന്നുണ്ട്

കോട്ടയം: പാലക്കാട് മാത്തൂർ പഞ്ചായത്തിൽ നിന്നുള്ള നല്ല മാതൃകയ്ക്ക് പിന്നാലെ അധ്യാപക ദിനത്തില്‍ സര്‍ വിളി ഒഴിവാക്കുകയാണെന്ന് പ്രഖ്യാപിച്ച് കോളജ് പ്രഫസര്‍. കോട്ടയം ബിസിഎം കോളജിലെ ഹിസ്റ്ററി വിഭാഗം തലവനായ ഡോ. അജിസ് ബെന്‍ മാത്യൂസ് ആണ് ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തത്. പേരിനൊപ്പം മിസ്റ്റർ, ടീച്ചർ, ഒദ്യോഗിക സ്ഥാനപ്പേര്, മെൻറർ, ഗൈഡ് തുടങ്ങിയ സൗകര്യപദമായ മറ്റ് അഭിസംബോധന ശൈലികൾ ചേര്‍ക്കാമെന്നാണ് അജിസ് കുറിച്ചത്.

എല്ലാ അധ്യാപക ദിനത്തിലും ഒരു പുതിയ തീരുമാനം എടുക്കാറുണ്ട്. ഇപ്രാവശ്യം ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ തീരുമാനം എടുത്തത്. മറ്റ് അധ്യാപകരുമായും പ്രിന്‍സിപ്പാളിനോടും സംസാരിച്ചപ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയെന്ന് ഡോ. അജിസ് ബെന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

ഇതിന് ശേഷമാണ് ഫേസ്ബുക്കില്‍ എഴുതിയതും വിദ്യാര്‍ത്ഥികളോട് പറഞ്ഞതും. വിദ്യാര്‍ത്ഥികളും നല്ല പിന്തുണയാണ് നല്‍കിയത്.  പലര്‍ക്കും അത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ചിലര്‍ ക്ലാസിന് ശേഷം സന്ദേശം അയക്കുമ്പോള്‍ താങ്ക് യൂ പ്രഫസര്‍, താങ്ക് യൂ മിസ്റ്റര്‍ അജിസ് എന്നെക്കെ ഇപ്പോള്‍ കുറിക്കുന്നുണ്ട്. കോളജിനുള്ളിലേക്കും ഈ മാറ്റം കൊണ്ട് വരാന്‍ ആലോചന നടക്കുന്നുണ്ട്. അത് കോളജ് കൗണ്‍സില്‍ കൂടുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അജിസിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്ന് അധ്യാപകദിനത്തിൽ വളരെ ആലോചിച്ച് ഒരു തീരുമാനമെടുത്തു.
സർ എന്ന വിളി കുട്ടികൾക്ക് ഇനി ഒഴിവാക്കാം.
കൊളോണിയൽ കാലത്ത് ഭരണവർഗ്ഗത്തെ വിധേയത്വത്തോടെ അഭിസംബോധന ചെയ്യുവാൻ ഉപയോഗിച്ചിരുന്ന പദമാണ് സർ എന്നുള്ളത്.
സർക്കാർ ശമ്പളം വാങ്ങി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകൻ യഥാർത്ഥത്തിൽ പൊതുജന സേവകനാണ്, യജമാനനല്ല. 
വിധേയത്വത്തിലടിസ്ഥാനപ്പെട്ടിട്ടുള്ളതല്ല അധ്യാപക വിദ്യാർത്ഥി ബന്ധം എന്നഉത്തമ ബോധ്യമുള്ളതിനാൽ എന്റെ വിദ്യാർത്ഥികൾ ഇനി മുതൽ സർ എന്നു വിളിക്കേണ്ടതില്ല.
പേരിനൊപ്പം മിസ്റ്റർ എന്നോ, ടീച്ചർ എന്നോ, ഒദ്യോഗിക സ്ഥാനപ്പേരോ, മെൻറർ, ഗൈഡ് തുടങ്ങി സൗകര്യപദമായ മറ്റ് അഭിസംബോധന ശൈലികൾ അവർക്ക് തിരഞ്ഞെടുക്കാം. കൂടുതൽ ഊഷ്മളമായ അധ്യാപക വിദ്യാർത്ഥി ബന്ധങ്ങൾക്ക് ഇത്തരം മാറ്റങ്ങൾ കാരണമാകട്ടെ.
ഇനി മുതൽ ഗുഡ്മോണിംഗ് സർ എന്നല്ല;
ഗുഡ് മോണിംഗ് മിസ്റ്റർ അജിസ് എന്നാവാം..'

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!